ചിന്നക്കനാൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി എംഎം മണി. ചിന്നക്കനാൽ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന സർക്കാർ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ലൈഫ് പദ്ധതിയിൽ തന്നെ നിരവധി കുടുംബങ്ങൾക്ക് വീട് ലഭിച്ചു. കൊറോണ രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും സർക്കാർ ഏറെ മികച്ച രീതിയിലാണ് ചെയ്യുന്നത്. കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ട സാഹചര്യമാണ് നമുക്കുള്ളത്. ജാഗ്രതയോടെയുള്ള സമീപനമാണ് ഇപ്പോൾ ഏറെ ആവശ്യം. എന്നാൽ വികസനവും അതിനൊപ്പംതന്നെ നടക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി 30 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായത്. കെട്ടിടത്തിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണംകൂടി ഉടൻ പൂർത്തിയാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കറുപ്പായി, വൈസ് പ്രസിഡന്റ് ശേഖർറാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ, ജനപ്രതിനിധികളായ ശശീന്ദ്രൻ, ശ്രീദേവി അൻപുരാജ്, മുരുകേശ്വരി രവി, സൈമൺ എസ്, പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.