മൂലമറ്റം: ഗണപതി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കൗണ്ടർ കുത്തിപൊളിച്ച് മോഷണം നടന്നു. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാവ് കൗണ്ടർ കുത്തിപൊളിച്ചാണ് കൗണ്ടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 200 രൂപയും വഴിപാടായി ലഭിച്ച സ്വർണതാലിയും അപഹരിച്ചത്. മറ്റ് ഭണ്ഡാരപെട്ടികൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാൽ ശ്രീകോവിനു സമീപം ഓട്ടുപാത്രങ്ങൾ സൂക്ഷിച്ചിരുന്നെങ്കിലും അത് അപഹരിച്ചില്ല. ക്ഷേത്ര ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് പുലർച്ചെ തന്നെ കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പൊലീസ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് സമാനമായ രീതിയിൽ ഇതിനു മുമ്പ് മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നു.