മറയൂർ: കാട്ടുവള്ളി ശേഖരിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്ക്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പുതുക്കുടി ആദിവാസികോളനിയിലെ അരുൾകുമാറിന്റെ മകൻ കാളിമുത്തു(12) നാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും ചേർന്നാണ് കരടിയുടെ ആക്രമണത്തിൽ നിന്നുംരക്ഷപ്പെടുത്തിയത്. വനത്തിനുള്ളിലൂടെ കാൽനടയായും വാഹനത്തിലും നാലുമണിക്കൂർ സമയം എടുത്താണ് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ പത്തുമണിയോട് കൂടിയാണ് അരുൾകുമാർ മക്കളായ വിജയകുമാർ, കാളിമുത്തുഎന്നിവരോടൊപ്പം മുളങ്ങാമുട്ടി വനമേഖലയിലേക്ക് പോയത്. പരമ്പരാഗത മുതുവാ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പാൽക്കൊടി എന്ന കാട്ടു വള്ളി വനത്തിൽ നിന്നും ശേഖരിക്കുന്നതിനായാണ് ഊരിൽ നിന്നും രണ്ട് കിലോമീറ്റർ അകലയുള്ള ഭാഗത്ത് എത്തി വള്ളിവെട്ടികൊണ്ടിരിക്കുമ്പോഴാണ് സമീപത്തെ പാറയുടെ മുകളിൽ ഇരുന്ന കാളിമുത്തുവിനെ കരടി ആക്രമിച്ചത്. കുട്ടിയുടെ നിലവിളികേട്ട് സമീപത്ത് ഉണ്ടായിരുന്ന പിതാവും സഹോദരനും ചേർന്നാണ് കരടിയെ തുരത്തി ഓടിച്ചത്. കാൽമുട്ടുകൾക്ക് കരടിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ കാളിമുത്തുവിനെ തോളിൽ ചുമന്നാണ് കോളനിയിൽ എത്തിച്ചത്. പിന്നീട് വാഹനത്തിൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചെറിയ ഒരു കരടി ഉൾപ്പെടെ മൂന്ന് കരടികളാണ് ഉണ്ടായിരുന്നതെന്നും ഒപ്പം ഉണ്ടായിരുന്ന ആൺ കരടിയാണ് ആക്രമിച്ചതെന്നും ഇവർ വനപാലകരോട് പറഞ്ഞു.