തൊടുപുഴ: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൃത്യം, ജില്ലതിൽ ഇന്നലെ ശക്തമായ മഴ. ഇടുക്കി ഉൾപ്പടെ തെക്കൻ ജില്ലകളിൽ ഇടിയോട് കൂടിയ മഴയാണ് പ്രവചിച്ചിരുന്നത്. അയൽ ജില്ലകളായ കോട്ടയത്തും എറണാകുളത്തും ലഭിച്ച മഴയോളം ലഭിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയായിരുന്നു. രാവിലെ മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ ഇടവിട്ട് മഴ ലഭിച്ചു. വൈകുന്നേരത്തോടെ കൂടുതൽ ശക്തിപ്രാപിക്കുകയായിരുന്നു. പലയിടത്തും വൈദ്യുതബന്ധം തകരാറിലായി. വൈകിട്ടോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. മഴയുടെ ശക്തിപ്രാപിക്കൽ മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള ഭീഷണി നിലനിൽക്കുന്ന മലയോര മേഖലകളിൽ ആശങ്കയ്ക്ക് ഇടവരുത്തിയിരുന്നു. അധികൃതർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും പുലർത്തിയിരുന്നു. ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.