മ്ലാമല: കേരള ഹൈക്കോടതി വിധിയെതുടർന്ന് പുതിയ പാലം പണിയുന്നതുവരെ കുട്ടികൾക്കു സ്‌കൂളിലേക്കു പോകുന്നതിനും മ്ലാമല നിവാസികളുടെ യാത്രക്ലേശത്തിനും പരിഹാരമായി നൂറടിപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നൂറുവർഷംമുമ്പു ബ്രിട്ടീഷുകാർ പണിതതും 30 വർഷംമുൻപ് പുതിയ പാലം നിർമിച്ചപ്പോൾ മുതൽ ഉപയോഗശൂന്യമായതുമായ പാലത്തിലൂടെയാണ് കഴിഞ്ഞ ഒന്നര വർഷമായി മ്ലാമല നിവാസികളും കുട്ടികളും യാത്ര ചെയ്തിരുന്നത്. പാലത്തിന്റെ ഒരു കരയിൽ ബസ് ഇറങ്ങി കുട്ടികളും രോഗികളും വയോധികരും പാലത്തിലൂടെ നടന്നു മറുകരയിലുള്ള മറ്റൊരു ബസിൽ യാത്ര ചെയ്തിരുന്ന ദുരവസ്ഥയായിരുന്നു. ജൂലൈ 13ലെ ഹൈക്കോടതി വിധിയോടെ പുതിയ പാലങ്ങളും നവീന റോഡുകളുമെന്ന കുട്ടികളുടെയും മ്ലാമല നിവാസികളുടെയും സ്വപ്നത്തിനു ചിറക് മുളച്ചിരിക്കുകയാണ്. പഴയ പാമ്പനാർ പാലത്തിൽ ആരംഭിച്ച ലാഡ്രം, മ്ലാമല, മൂങ്ങലാർ, വെള്ളാരംകുന്ന്, ശാന്തിഗിരി വഴി അണക്കരയിലേക്ക് എൻഎച്ച് 183 ന് സമാന്തരമായി ബൈപാസ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മ്ലാമല വികസന സമിതി പൊതുമരാമത്ത് മന്ത്രിക്കും മന്ത്രി എം.എം. മണിക്കും നിവേദനം നൽകിയിരുന്നു. ശബരിമല സീസണിൽ അയ്യപ്പഭക്തർക്കും നിർദിഷ്ട പാത പ്രയോജനപ്പെടും. കുമളിയിലേക്കുള്ള യാത്രക്കും ഇത് ഉപകരിക്കും. ഈ പാത കൊണ്ടുവരാവുന്ന വികസനത്തെകുറിച്ചും കുട്ടികൾ ഹൈക്കോടതി ജഡ്ജിമാർക്ക് 2019 ഗാന്ധിജയന്തി ദിനത്തിൽ അയച്ച കത്തിൽ വിവരിച്ചിരുന്നു.