തൊടുപുഴ: നിർമ്മാണം പൂർത്തീകരിച്ച മുട്ടം പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വൈകുന്നു. ഓഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പെട്ടിമുടി ദുരന്തം കരിപ്പൂർ വിമാന അപകടം എന്നിവയെ തുടർന്ന് മാറ്റി വെച്ചിരുന്നു. എന്നാൽ പിന്നീട് ഉദ്ഘാടനം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നയപരമായ തീരുമാനം എടുത്തിട്ടില്ല. കുട്ടനാട്, ചവറ നിയമസഭ ഉപതിരഞ്ഞെടുപ്പും അതിനെ തുടർന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാൽ സ്റ്റേഷൻ ഉദ്ഘാടനം നീണ്ടു പോകാനും സാദ്ധ്യതയുണ്ട്.
"നിർമ്മാണം പൂർത്തീകരിച്ച മുട്ടം സ്റ്റേഷന്റെ ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിട്ടില്ല" കറുപ്പസ്വാമി ആർ, ജില്ലാ പൊലീസ് മേധാവി.
കുട്ടികൾക്ക് പാർക്കും............
പുതിയ സ്റ്റേഷനോട് അനുബന്ധിച്ച് കുട്ടികളുടെ മിനി പാർക്ക് സ്ഥാപിക്കാനും അധികൃതർ പദ്ധതി ആവിഷ്ക്കരിച്ചു. പൊലീസ് സ്റ്റേഷനുകളിൽ 'ശിശു സൗഹൃദ' അന്തരീക്ഷം സജ്ജമാക്കുക എന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് മിനി പാർക്ക്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് മുതിർന്നവർക്കൊപ്പം എത്തുന്ന കുട്ടികൾ, സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങൾ അറിയുന്നതിന് അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് കുട്ടികളുടെ പാർക്കും ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ സ്റ്റേഷൻ പ്രവർത്തന സജ്ജമായതിന് ശേഷമാണ് പാർക്കിന്റെ നിർമ്മാണം ആരംഭിക്കുകയുള്ളു.
അവസാന ഘട്ട പണികൾ ദ്രുതഗതിയിൽ.........
സ്റ്റേഷന്റെ മുറ്റം ടൈൽസ് ഇടുന്ന പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പഴയ സ്റ്റേഷനിലേക്കുള്ള പ്രവേശന വഴി മതിൽ കെട്ടി തിരിച്ച് പുതിയ സ്റ്റേഷനിലേക്ക് ആധുനിക രീതിയിലുള്ള പ്രവേശന കവാടത്തോടെ മറ്റൊരു വഴിയാണ് സജ്ജമാക്കിയിരിക്കുന്നത്.