തൊടുപുഴ: തൊട്ടരുകിൽ മനോഹര കാഴ്ച്ചകൾ ഇനിയും കാണാനുണ്ടെന്ന് തിരിച്ചറിയുന്ന ചില സന്ദർഭങ്ങളുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയ്ക്ക് കൊറോണക്കാലം വരെ കാത്തിരിക്കേണ്ടിവന്നു എന്ന് മാത്രം. ഇരുപതിലേറെ കിലോമീറ്റർ അകലെയുള്ള ആനയാടിക്കുത്തും തൊമ്മൻകുത്തുമല്ലാതെ തൊടുപുഴയ്ക്ക് സ്വന്തമായി ഒരു വെള്ളച്ചാട്ടമുണ്ടെന്ന് പലരും അറിയുന്നത് ഇപ്പോഴാണെന്ന് പറയാം. . രോഗഭീതിയിൽ ദൂരെയൊന്നും പോകാനാവാതെ എല്ലാവരും തേടിയെത്തിയ അരുവിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ ദൂരെ മലങ്കരയിലാണ് ഈ പ്രകൃതിയൊരുക്കിയ മനോഹര ദൃശ്യം. മലങ്കര റബ്ബർ ഫാക്ടറിക്ക് അടുത്ത് നിന്ന് വലത് തിരിഞ്ഞ് കനാൽ റോഡിലൂടെ പോയാൽ അരക്കിലോമീറ്റർ പോലുമില്ല അരുവിക്കുത്തിലെത്താൻ. മഴക്കാലമെത്തിയാൽ അതിമനോഹരിയായി മാറും അരുവിക്കുത്ത്. ഇല്ല്‌ചാരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറു അരുവിയാണ് മലങ്കരയിലെത്തുമ്പോൾ സുന്ദരിയായ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിന് അധികം ഉയരമില്ലെങ്കിലും പാറയുടെ മടിത്തട്ടിലൂടെ നുരഞ്ഞൊഴുകുന്ന പാലരുവി നയനമനോഹര കാഴ്ചയാണ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് അരുവിക്കുത്തിനെക്കുറിച്ച് കേട്ടറിഞ്ഞ് പലരുമെത്തി തുടങ്ങിയത്. സമീപത്തെ പാലത്തിൽ നിന്ന് കൺനിറയെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. സുരക്ഷാ സംവിധാനങ്ങളൊന്നുമൊരുക്കാത്തതിനാൽ ഇവിടേക്ക് അധികം ഇറങ്ങിച്ചെല്ലുന്നത് സുരക്ഷിതമാകില്ല. ഇപ്പോൾ ദിവസവും നൂറോളംപേർ ഇവിടെയെത്തുന്നുണ്ട്. രസതത്രം, വെറുതെ ഒരു ഭാര്യ, വെള്ളിമൂങ്ങ, വജ്രം എന്നീ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കല്യാണ വീഡിയോ, ആൽബം എന്നിവ ചിത്രീകരിക്കാനും ഇവിടെ ആളുകൾ വരാറുണ്ട്. മലങ്കര ടൂറിസത്തിന്റെ ഭാഗമാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറും.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
അരുവിക്കുത്തിന്റെ പ്രാധാന്യം അന്യനാട്ടുകാർ തിരിച്ചറിഞ്ഞിട്ടും പഞ്ചായത്തോ മറ്റ് അധികൃതരോ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. അത് ഇവിടെ നേരിട്ട് എത്തുന്നവർക്ക് മനസിലാകും. മദ്യപരുടെ പ്രധാന താവളമായി ഇപ്പോൾ മാറി. മദ്യപിച്ചശേഷം തള്ളുന്ന കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് വെള്ളച്ചാട്ടത്തിലും പരിസരപ്രദേശങ്ങളിലും നിറയെ. നാളിതുവരെയായിട്ടും ഒരു സുരക്ഷാ വേലിയോ ബോർഡോ സ്ഥാപിക്കാൻ ആരും തയ്യാറായിട്ടില്ല. മഴക്കാലത്ത് തെന്നിതെറിച്ച് കിടക്കുന്ന പാറയും കുത്തിയൊഴുകുന്ന വെള്ളത്തിലും സഞ്ചാരികൾ അപകടത്തിൽപ്പെടാനിടയുണ്ട്. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നതും വലിയ അപടത്തിനിടയാക്കും.
ഇതിലും അതിർത്തി തർക്കം
വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം മുട്ടം പഞ്ചായത്തിലും മറ്റൊന്ന് കരിങ്കുന്നത്തുമാണ്. തങ്ങളുടേതല്ല വെള്ളച്ചാട്ടമെന്നാണ് രണ്ട് കൂട്ടരുടെയും നിലപാട്. അതുകൊണ്ട് തന്നെ ഇവിടെ ഒരു വികസന പ്രവർത്തനങ്ങൾക്കും ഇരു പഞ്ചായത്തുകൾക്കും താത്പര്യമില്ല. ഇരുകൂട്ടരും ഒത്തുചേർന്ന് ഇവിടേക്കുള്ള റോഡ് ടാറ് ചെയ്ത് വേണ്ട സുരക്ഷാ സംവിധാനങ്ങളൊരുക്കി ചെറിയ ഒരു ഫീസ് വച്ചാൽ വരുമാനമാർഗമാകും . രണ്ട് കൂട്ടരുടെയും ചക്കളത്തിപോരാട്ടം കാരണം നഷ്ടമാകുന്നത് മലങ്കരയുടെ ടൂറിസം ഭാവിയാണ്.