മുട്ടം: തൊടുപുഴ -മുട്ടം, മുട്ടം - വിച്ചാട്ട് കവല റൂട്ടിൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് മനസിലാക്കിറിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. പെരുമറ്റം, വിച്ചാട്ട് കവല പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള, ജോയിന്റ് ആർ ടി ഒ നസിർ പി എ, എൻഫോഴ്സ്മെന്റ് എ എം വി ഐ രാംദേവ് പി ആർ, എം വി ഐ ദിനേശ് എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഇന്നലെ പരിശോധന നടത്തി. പെരുമറ്റത്തിന് സമീപം പുഴയോട് ചേർന്ന് റോഡിന് വീതി കൂട്ടിയ ഭാഗത്ത് ചെറിയ വളവും കയറ്റവും ആയതിനാൽ രണ്ട് വശങ്ങളിൽ നിന്ന് വാഹനങ്ങൾ വരുന്നത് ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല; ഇതാണ് തുടർച്ചയായി അപകടങ്ങൾക്ക് കാരണമെന്ന് അധികൃതർ കണ്ടെത്തി. ഇവിടം റോഡിന് രണ്ട് വശങ്ങളിലും വീതി കൂട്ടാനും കയറ്റം ഇല്ലാതാക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. തൊടുപുഴ - മുട്ടം റൂട്ടിലെ റോഡിന്റെ വശങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ, റോഡിൽ നിന്ന് മാഞ്ഞുപോയ സീബ്രാ വരകൾ, മറ്റ് ഗതാഗത തടസങ്ങൾ എന്നിവ സംബന്ധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ സബ് ജഡ്ജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പെരുമറ്റത്തിന് സമീപം റോഡിന് വീതി കൂട്ടിയ ഭാഗത്ത് അപകടകരമായി റോഡിലെ കാഴ്ച്ച മറക്കുന്ന രീതിയിൽ വളർന്ന കാട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടേയും മോട്ടോർ വാഹന വകുപ്പിന്റേയും നേതൃത്വത്തിൽ ഏതാനും ദിവസം മുൻപ് വെട്ടി മാറ്റിയിരുന്നു.