തൊടുപുഴ: നിർമാണം പൂർത്തിയാക്കാത്ത മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എൽ.‌‌‌‌‌‌ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയത് നഗരസഭാ കൗൺസിലിൽ ബഹളത്തിനിടയാക്കി. കോംപ്ലക്സ് 14ന് ഉദ്ഘാടനം ചെയ്യാനാണ് നഗസഭാ ഭരണസമിതി തീരുമാനം. എന്നാൽ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടി വയ്ക്കണമെന്നായിരുന്നു എൽ.ഡി.എഫ് കൗൺസിലർ രാജീവ് പുഷ്പാംഗദന്റെ ആവശ്യം. അതേസമയം പദ്ധതി യാഥാർഥ്യമാക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്നായിരുന്നു ബി.ജെ.പി അംഗം ബാബു പരമേശ്വരൻ പറഞ്ഞത്. ഒരു കോടി രൂപ എസ്റ്റിമേറ്റിട്ട് പത്തു വർഷം മുമ്പ് നാലു മുറികൾ മാത്രമുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണത്തിനായി പദ്ധതിയിട്ട സ്ഥാനത്ത് ഇപ്പോൾ 120 മുറികളുള്ള ബഹുനില മന്ദിരമാണ് പൂർത്തിയായതെന്ന് യു.ഡി.എഫ് അംഗം എ.എം. ഹാരിദ് പറഞ്ഞു. നാലു വരിപ്പാതയിലേക്കും കരിമണ്ണൂർ റോഡിലേക്കും മുൻഭാഗം വരുന്ന രീതിയിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 2015ൽ നടപടികൾ പൂർത്തിയാക്കി ബസ് സ്റ്റാൻഡിലേക്കും ബൈപ്പാസിലേക്കും കടമുറികളുടെ മുൻഭാഗം വരത്തക്ക വിധമാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജോലികൾ മുടങ്ങിയതാണ് പൂർണമായും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്നും വൈദ്യുതീകരണ ജോലികളാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളതെന്നും ഹാരിദ് പറഞ്ഞു. ഉദ്ഘാടനത്തിന് ജില്ലയിൽ നിന്നുള്ള മന്ത്രിയെയോ തദ്ദേശ സ്വയംഭരണ മന്ത്രിയേയോ വിളിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും കൊവിഡ് കാലമായതിനാൽ എം.എൽ.എയും ചെയർപേഴ്‌സണും വാർഡ് കൗൺസിലർമാരും മതിയെന്ന യുഡിഎഫ് നിർദേശം കൗൺസിൽ അംഗീകരിക്കുകയായിരുന്നു.