തൊടുപുഴ: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മങ്ങാട്ടുകവലക്കാരെ ഏറെ നാൾ കാത്ത ബസ് സ്റ്റാൻഡിലെ തണൽമരങ്ങൾ വെട്ടിനീക്കി. നഗരസഭ പുതുതായി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണൽമരങ്ങളുടെ കടയ്ക്കലാണ് അധികൃതർ കത്തിവച്ചത്. ഇവിടത്തെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമാണ ജോലികൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മരങ്ങൾ വെട്ടിയത്. മരങ്ങൾ ചുവടോടെ വെട്ടിയില്ലെങ്കിലും ശിഖരങ്ങളെല്ലാം മുറിച്ച് ഉയരം പാതിയാക്കി നിർത്തിയിരിക്കുകയാണ്. അപകട സാധ്യതയുള്ള മരങ്ങൾ മുറിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിയുടെ മറവിലാണ് ഈ നടപടി. വേനൽക്കാലത്ത് യാത്രക്കാർക്കും ഇവിടത്തെ തൊഴിലാളികൾക്കും വലിയ ആശ്വാസമായിരുന്നു ഈ മരങ്ങൾ. പ്രദേശത്തെവിടെയും മറ്റ് വലിയ മരങ്ങളില്ല.
അതേ സമയം ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടുമില്ല. മുതലക്കോടം ഭാഗത്ത് പാടം നികത്തിയ മണ്ണാണ് ആർ.ഡി.ഒയുടെ ഉത്തരവിനെ തുടർന്ന് ഇവിടെ നിക്ഷേപിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാതായതോടെ പുല്ലുവളർന്ന് കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെ പലരും മാലിന്യവും നിക്ഷേപിക്കുന്നുണ്ട്.