തൊടുപുഴ: ജില്ലയിലെ മിക്കവാറും ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തിയ എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് നടത്തി വരുന്ന സമരങ്ങൾ അവരുടെ ജനദ്രോഹ ചെയ്തികൾ മറച്ചുവയ്ക്കുന്നതിനുള്ള പാഴ്ശ്രമം മാത്രമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദികൾ യു.ഡി.എഫാണ്. പ്രശ്നങ്ങൾ
ഉണ്ടാക്കുകയും വഷളാക്കുകയും ചെയ്യുന്ന സമീപനമാണ് യു.ഡി.എഫ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചുവന്നിട്ടുള്ളത്. ഇപ്പോഴത്തെ സമരങ്ങൾ ഭൂമിപതിവ് ചട്ടങ്ങളുടെ പേരിലാണ്. 64,93 വർഷങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾക്ക് രൂപം നൽകിയത് കോൺഗ്രസാണ്. ഈ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കാനുള്ള നടപടികളിലാണ് എൽ. ഡി. എഫ് സർക്കാർ. 2019 ഡിസംബർ 17ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ സൗകര്യങ്ങൾ ചർച്ച ചെയ്യുകയും പൊതുധാരണ ഉണ്ടാക്കുകയും ചെയ്തതാണ്. എന്നാൽ സമൂഹമാകെ പടർന്നു പിടിച്ച കൊവിഡെന്ന മഹാമാരി നടപടികൾക്ക് കാലതാമസമുണ്ടാക്കി. ജില്ലയിലെ എട്ട് വില്ലേജുകളിലെയും നിർമാണ തടസങ്ങൾക്ക് ഉത്തരവാദിത്തം യു.ഡി.എഫിന് മാത്രമാണുള്ളത്. 2010ൽ മൂന്നാർ മേഖലയിൽ നിർമ്മാണ നിയന്ത്രണം ഉൾപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പുറത്ത് അഞ്ച് വർഷക്കാലം അടയിരുന്ന സർക്കാരാണ് യു.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.