തൊടുപുഴ: രാഷ്ട്രീയ നെറികേടും അടിമത്തമനോഭാവവും മുഖമുദ്രയായുള്ള ഫ്രാൻസിസ് ജോർജ്ജ് ജോസ് കെ. മാണിയെ മാന്യത പഠിപ്പിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് (എം). പാട്ടിയും ചിഹ്നവുമല്ല ജനപിന്തുണയാണ് പ്രധാനപ്പെട്ടതെന്ന് തിരഞ്ഞടുപ്പു കമ്മിഷന്റെ വിധിയോടെയാണ് ഫ്രാൻസിസ് ജോർജ്ജിന് മനസിലായത്. ജനപിന്തുണയുള്ളവർക്കാണ് തിരഞ്ഞടുപ്പു കമ്മിഷൻ പാർട്ടിയുടെ പേരും ചിഹ്നവും നൽകിയിരിക്കുന്നതെന്ന സത്യം അംഗീകരിക്കാൻ ഫ്രാൻസിസ് ജോർജ്ജ് തയ്യാറാകണം. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ചെയർമാനായിരുന്ന്, ഇടതു മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വാക്കുകൊടുത്തശേഷം മണിക്കൂറുകൾക്കകം പാർട്ടിപിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജ്ജിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഫ്രാൻസിസ് ജോർജ്ജ് ജില്ലാ കൗൺസിൽ മെമ്പറായതും രണ്ടുവട്ടം പാർലമെന്റ് അംഗമായതും എൽ.ഡി.എഫിലൂടെയാണെന്നത് വിസ്മരിക്കരുത്. പാർട്ടിവിപ്പ് ലംഘിച്ചതിന് പി.ജെ. ജോസഫ് അയോഗ്യനാക്കപ്പെടുമ്പോൾ തൊടുപുഴയിൽ മത്സരിക്കുന്നതിനുള്ള സാധ്യത മുന്നിൽകണ്ടുകൊണ്ട് ഫ്രാൻസിസ് ജോർജ്ജ് നടത്തുന്ന തന്ത്രപരമായ നീക്കത്തിന് കേരളാ കോൺഗ്രസ് (എം ) ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംങ്കോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവർ അറിയിച്ചു.