തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ കേരള ഫിഷറീസ് സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മുട്ടം മൂവാറ്റുപുഴ പുഴയോര മത്സ്യകൃഷിക്ക് താത്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പുഴയുടെ തീരത്ത് 10 സെന്റ് എങ്കിലും സ്ഥലം ഉള്ള കർഷകർക്ക് പദ്ധതിയിൽ ചേരാം. ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന ഗിഫ്‌റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് പടുത പൂർണമായും ഒഴിവാക്കി പ്രകൃതിദത്തമായ മത്സ്യ കുളങ്ങളാണ് പദ്ധതി അനുസരിച്ച് തയ്യാറാക്കുന്നത്. ഒന്നരവർഷം ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ നിന്നും രണ്ടു വർഷം കൊണ്ട് 70,000 രൂപ ലാഭം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 100 കർഷകരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. താത്പര്യമുള്ള കർഷകർ സെപ്തംബർ 15ന് മുമ്പായി തൊടുപുഴ കാഡ്സ് പി.സി.എൽ ആഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു. ഫോൺ: 9645080436.