തൊടുപുഴ​: സ്വർണ്ണ കള്ളക്കടത്തിനും അക്രമ രാഷ്ടീയത്തിനും ലഹരി മരുന്നു കച്ചവടത്തിനും നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ചിട്ടും സർക്കാർ ഒന്നും അറിയുന്നില്ല. പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചില്ലെങ്കിൽ സർക്കാർ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ മാടവന അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് തട്ടുപുര, ജില്ലാ കമ്മിറ്റി അംഗം റെജി വണ്ണപ്പുറം, കലാസാംസ്‌കാരിക ജില്ലാ കൺവീനർ സോജൻ ജോയി, ബി.ജെ.പി ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷാജു, സന്തോഷ് കാഞ്ഞിരമറ്റം, നിയോജക മണ്ഡലം ട്രഷറർ പീതാംബരൻ എന്നിവർ സംസാരിച്ചു.