തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ആഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർവാഹന വകുപ്പിലെ സാങ്കേതിക വിഭാഗത്തിൽപ്പെടുന്ന ജോയിന്റ് ആർ.ടി.ഒമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവർ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. 16ന് സൂചന പണിമുടക്കും നടത്തും. ട്രാൻസ്‌പോർട്ട് സ്‌പെഷൽ റൂൾസ് ഭേദഗതി നടപ്പിലാക്കുക, നിശ്ചിത യോഗ്യതയില്ലാത്തവരെ ജോയിന്റ് ആർ.ടി.ഒയായി പ്രമോട്ട് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, പ്രമോഷൻ ഉത്തരവുകളിലെ സീനിയോരിറ്റി നിയമപ്രകാരം ക്രമപ്പെടുത്തുക, സുപ്രീം കോടതി കമ്മിറ്റി, പത്താം ശമ്പള കമ്മിഷൻ ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മറ്റി ശുപാർശകൾ നടപ്പിലാക്കുക, സേഫ് കേരള പ്രോജക്ടിന് ഓഫീസും വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പരിഹാരമായില്ലെങ്കിൽ ചട്ടപ്പടി സമരം, അനിശ്ചിത കാല പണിമുടക്ക് എന്നിവ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.