തൊടുപുഴ: അമ്പാടിക്കണ്ണന്റെ രാസലീലകൾ കാണാൻ ജില്ലയിലെ ഓരോ വീടുമൊരുങ്ങി. വീഥികൾ അമ്പാടിയാക്കുന്ന വർണാഭമായ ശോഭായാത്ര ഇത്തവണ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ടാകില്ല. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിലാണ് ആഘോഷം. 'വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം' എന്ന സന്ദേശവുമായാണ് ബാലഗോകുലം ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ചാണ് ബാലഗോകുലം ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്. ഓരോ വീടും അമ്പാടിയാക്കി ഓരോ കുട്ടിയും ഉണ്ണിക്കണ്ണനുമായാണ് ഇത്തവണ ആഘോഷം. ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നാടിന്റെ നാനാഭാഗത്തും പതാക ഉയർന്നു. പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പതാകകൾ ഉയർത്തിയതു കൂടാതെ ഇത്തവണ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ജന്മാഷ്ടമി പതാക ഉയർത്തി. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ കുട്ടികൾക്ക് ഓൺലൈനിൽ കൃഷ്ണലീലാ കലോത്സവം നടക്കും. ഓരോ വീടുകളിലും ഗോപൂജ, വൃക്ഷപൂജ, തുളസീ വന്ദനം എന്നിവയും നടക്കും. ശ്രീകൃഷ്ണജയന്തി ദിനത്തിൽ രാവിലെ വൃന്ദാവനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വീടുകൾ ഒരുക്കി മുറ്റത്ത് കൃഷ്ണപൂക്കളമിടും. ഉണ്ണികൃഷ്ണന്റെ വിഗ്രഹം അലങ്കരിച്ച് വർണ പട്ടുടയാടകൾ ചാർത്തി കൃഷ്ണ കുടീരം ഒരുക്കി അതിനുള്ളിൽ പ്രതിഷ്ഠിക്കും. വീട്ടിലെ കുഞ്ഞുകുട്ടിയെ കൃഷ്ണവേഷം ധരിപ്പിച്ച് അമ്മമാർ കണ്ണനൂട്ട് നടത്തും.
വൈകിട്ട് നാലിന് കുട്ടികൾ കൃഷ്ണ രാധാവേഷങ്ങളിലും അമ്മമാർ കേരളീയ വേഷത്തിലും മുതിർന്നവർ കാവിവസ്ത്രങ്ങളും അണിഞ്ഞ് ദീപപ്രോജ്ജ്വലനം നടത്തും. ഗോകുല പ്രാർത്ഥനയും ഭജനയും ഗോകുല ഗീതവും കഴിഞ്ഞാൽ ശ്രീകൃഷ്ണജയന്തി പൊതുപരിപാടി നടക്കും. തുടർന്ന് ജന്മാഷ്ടമി ദീപക്കാഴ്ചയും പ്രസാദ വിതരണവും നടക്കും.