തൊടുപുഴ: കുടയത്തൂരിൽ സ്ഥാപിച്ചിരിക്കുന്ന യൂണിയൻ ബാങ്ക് എ.ടി.എം കൗണ്ടർ സ്ഥിരമായി തകരാറിലാകുന്നത് ജനത്തെ വലയ്ക്കുന്നു. മിക്ക ദിവസങ്ങളിലും ഈ എ.ടി.എം പ്രവർത്തിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ പ്രവർത്തിച്ചാൽ ഭാഗ്യമെന്ന് പറയാം. മുട്ടത്തിനും കാഞ്ഞാറിനും ഇടയിലുള്ള ഏക എ.ടി.എം കൗണ്ടറാണിത്. കുടയത്തൂർ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ഈ എ.ടി.എം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ നൂറുകണക്കിന് യാത്രക്കാരും ജനങ്ങളും ഈ എ.ടി.എമ്മിനെയാണ് ആശ്രയിക്കുന്നത്. വല്ലപ്പോഴും പ്രവർത്തിക്കുന്ന ഈ എ.ടി.എമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ പണം ലഭിക്കില്ലെന്ന് മാത്രമല്ല നിക്ഷേപിച്ച കാർഡ് പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്. പിന്നീട് കാർഡ് ലഭിക്കുന്നതിന് വേണ്ടി മിനിട്ടുകളോളം കാത്ത് നിൽക്കേണ്ട ഗതികേടാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ കണ്ട ഭാവംപോലും നടിക്കുന്നില്ല. പിന്നീട് പണമെടുക്കാൻ മുട്ടത്തോ കാഞ്ഞാറോ പോകേണ്ട ഗതികേടിലാണ് ജനങ്ങൾ. അതിനാൽ എ.ടി.എം തകരാർ അടിയന്തരമായി പരിഹരിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.