ചെറുതോണി: ഒന്നാം ക്ലാസുകാരിയുടെ അപേക്ഷ മന്ത്രി കേട്ടു, ഓൺലൈൻ പഠനത്തിന് ടെലിവിഷൻ കിട്ടി. ഇടുക്കി സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥിനി നിധി.ജി കൃഷ്ണയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് തനിക്ക് ടെലിവിഷൻ വാങ്ങിത്തരണമെന്ന് അപേക്ഷ നൽകിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ ടെലിവിഷൻ ഇല്ലാത്തത് മൂലം പഠനം മുടങ്ങിയ സാഹചര്യത്തിലാണ് നിധി ജി കൃഷ്ണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ മാസം 13ന് അപേക്ഷ നൽകിയത്. കുട്ടിയുടെ അപേക്ഷ ലഭിച്ച മന്ത്രി ഇടുക്കി ജോയിന്റ് രജിസ്ട്രാർക്ക് അപേക്ഷ കൈമാറുകയായിരുന്നു. അന്വേഷണത്തിൽ ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും വീട്ടിൽ ടെലിവിഷൻ ഇല്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനിച്ചത്. ഇടുക്കി താലൂക്ക് കാർഷിക സഹകരണ ബാങ്കാണ് കുട്ടിക്ക് ബാങ്കിൽ നടത്തിയ ചടങ്ങിൽ ടെലിവിഷൻ കൈമാറിയത്. പരിപാടികളുടെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ എച്ച്. അൻസാരി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഒ. അഗസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി.എം. സോമൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോയി കൊച്ചു കരോട്ട്, പി.എൻ. രാജു, അസിസ്റ്റന്റ് രജിസ്ട്രാർ സി.സി. മോഹനൻ, ബാങ്ക് സെക്രട്ടറി പി.ബി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.