തൊടുപുഴ: മലയോരജനതയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിവാദ സർക്കാർ ഉത്തരവുകൾക്കെതിരായ പ്രതിഷേധാഗ്നി തലസ്ഥാനം വരെയെത്തി. 2019 ആഗസ്റ്റ് മുതലിറങ്ങി തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകൾക്കെതിരായി കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടന്ന സത്യഗ്രഹസമരത്തിൽ പ്രതിഷേധമിരമ്പി. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ പ്രകാരമാണ് കേരളത്തിലെമ്പാടുമുള്ള ഭൂമികളിൽ കെട്ടിടങ്ങളും കൊമേഴ്സ്യൽ സ്ഥാപനങ്ങളും സ്‌കൂളുകളും ആരാധനാലയങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളും പണി തീർത്തിരിക്കുന്നത് . ഈ പട്ടയം ഉപയോഗിച്ച് ഇടുക്കി ജില്ലയിൽ മാത്രം ഇത്തരം നിർമ്മിതികൾ നടത്താൻ പാടില്ലെന്ന ആഗസ്റ്റ് 22ലെ സർക്കാർ ഉത്തരവാണ് വിവാദമായത്. പട്ടയ ഭൂമിക്കു നൽകുന്ന കൈവശാവകാശ രേഖയിൽ ഭൂമി എന്തിനു വേണ്ടി ഉപയോഗിക്കുന്നതെന്നു രേഖപ്പെടുത്തി കെട്ടിട നിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്തിയായിരുന്നു ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി. സർക്കാർ നടപടിക്കെതിരെ ജില്ലയിൽ ഉയർന്നുവന്ന സമരങ്ങൾക്കൊടുവിൽ ഈ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ നിലവിലുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ യാതൊരു നടപടികളുമുണ്ടായില്ല. ഇതിനിടെ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള ഈ നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ചു പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിട നിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്നു കോടതി നിർദേശിച്ചു. എല്ലാ വില്ലേജ് ആഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് ഈ വർഷം ജൂൺ 25ൽ കോടതി നിർദേശിച്ചു. ഇനി മുതൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം കൈവശ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ 12ന് ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടെ 2019ൽ പുറത്തു വന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി.