മറയൂർ: പാളപ്പെട്ടിയിൽ ചന്ദ്രിക എന്ന യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയ പ്രതികൾക്ക് തോക്ക് നിർമ്മിച്ച് നൽകിയ സംഭവത്തിൽ അറസ്റ്റിലായ ഇടക്കടവ് പേരൂർ വീട്ടിൽ സോമൻ (55) കഴിഞ്ഞ ദിവസം വീട്ടിൽ ഓൺലൈൻ സംവിധാനം ഇല്ലാത്തതിനാൽ മക്കളുടെ പഠനം മുടങ്ങുന്നുവെന്ന് ആരോപിച്ച് പ്രമുഖ മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരുന്ന അന്ന് തന്നെയാണ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ തുടരന്വേഷണത്തിൽ പൊലീസ് വനം വകുപ്പ് കേസിൽ അറസ്റ്റിലായത്. ജൂലായ് 22നാണ് പാളപ്പെട്ടിയിലെ കാവൽപുരയിൽ സഹോദരി പുത്രൻ കാളിയപ്പന്റെ വെടിയേറ്റ് ചന്ദ്രിക കൊല്ലപ്പെടുന്നത്. കാളിയപ്പനെ കൂടാതെ മണികണ്ഠനും കൗമാരക്കാരനും പിടിയിലായിരുന്നു. വന്യജീവി സങ്കേതത്തിലെ ആദിവാസി കോളനിയായ പാളപ്പെട്ടിയിൽ യുവാക്കൾക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്ന പൊലീസ് അന്വേഷണത്തിലാണ് നിരവധി ചന്ദന മോഷണ കേസിലെ പ്രതിയായ പാളപ്പെട്ടി സ്വദേശി ബിനുകുമാർ അറസ്റ്റിലായത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തോക്ക് നിർമ്മിച്ച് നൽകിയ സോമൻ അറസ്റ്റിലായത്. സോമന്റെ വീട്ടിൽ പൊലീസ്- വനം വകുപ്പ് നടത്തിയ പരിശോധനയിൽ തോക്കിന്റെ ഭാഗങ്ങൾ, വെടിയുണ്ടകൾ, മാനിന്റെ കൊമ്പുകൾ, ഈനാംപെച്ചിയുടെ തോൽ, നക്ഷത്ര ആമയുടെ പുറം തോട് എന്നിവ കണ്ടെടുത്തു.