തൊടുപുഴ: ഇഞ്ചിയാനി ആലക്കോട് റോഡ് കുണ്ടും കുഴിയുമായിട്ടും അറ്റകുറ്റപ്പണി ഇല്ല. കഴിഞ്ഞ 10 വർഷമായി ഈ റോഡ് റീടാറിംഗ് നടത്തിയിട്ട്. 10 വർഷം മുമ്പ് ആലക്കോട് കുടിവെള്ള പദ്ധതിക്കായാണ് റോഡ് കുത്തിപ്പൊളിച്ചത്. പിന്നീട് റോഡിന്റെ ഒരു സൈഡ് മാത്രം ടാറിംഗ് നടത്തിയെങ്കിലും അതും തകർന്നു. തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളും കയറിയിറങ്ങാത്ത ഓഫീസുകളുമില്ല. ആനക്കയം പെരുംകൊഴുപ്പ് തലയനാട്, പരപ്പിൻകര മഞ്ഞപ്ര, അഞ്ചിരി ഇഞ്ചിയാനി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാർക്കു പഞ്ചായത്ത്, കൃഷിഭവൻ, ആശുപത്രി, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ എത്താനുള്ള റോഡാണിത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂർ, മാത്യു വാരികാട്ട്, ജോർജ് ചെരുവിൽ, ബോബി പുന്നൂസ്, ജോസ് ഒറ്റക്കൽ എന്നിവർ ആവശ്യപ്പെട്ടു.