തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 14.32 കോടി രൂപ അനുവദിക്കുകയും പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്തതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴ പ്ലാന്റിൽ നിന്ന് ചോഴംകുടി പാറ ടാങ്കിലേയ്ക്ക് ശുദ്ധീകരിച്ച വെള്ളം എത്തിക്കും. അഞ്ചു ലക്ഷം ലിറ്റർ ശേഷിയുള്ള അരീക്കത്തണ്ട് പ്ലാന്റിലേയ്ക്കും പ്ലാന്റേഷനിൽ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേയ്ക്ക് വെള്ളം എത്തിയ്ക്കും. 30 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ നാലായിരത്തോളം വീടുകളിൽ ഇതുവഴി കുടിവെള്ളം എത്തിക്കാനാകും. ഒരുവർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.