joseph
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്ത ഡോ.എ പി ജെ അബ്ദുൾ കലാം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടം പി ജെ ജോസഫ് എം. എൽ. നാട മുറിച്ച് നാടിന് സമർപ്പിക്കുന്നു

തൊടുപുഴ: ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടാണ് ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി നിർവ്വഹിച്ചത്. നവകേരളം സൃഷ്ടിക്കുക എന്ന് പറഞ്ഞാൽ നാടിന്റെ എല്ലാ മേഖലയും മെച്ചപ്പെടണം. ആരോഗ്യ,വിദ്യാഭ്യാസ മേഖലകൾ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് പോകണം. കുറവുകൾ കണ്ടെത്തി പരിഹരിക്കണം. സാങ്കേതിക വിദ്യ സൗഹൃദമാക്കണം . പ്രതിസന്ധിയെ നല്ല രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോഓർഡിനേറ്റർ കെ.എ. ബിനുമോൻ പൊതു വിദ്യാഭ്യാസ സംരക്ഷണ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പാൾ ഇൻ ചാർജ് ലോഹിതദാസ്, തൊടുപുഴ നഗരസഭാ .ചെയർപേഴ്‌സൺ സിസിലി ജോസഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമ്മല ഷാജി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ മോൾ സ്റ്റീഫൻ, പ്രിൻസിപ്പാൾ കെ.ജി. അനിൽകുമാർ, ഹെഡ്മാസ്റ്റർ സി.എം. രാജു, വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ, പി.ടി.എ.പ്രസിഡന്റ് കെ.കെ.നിഷാദ്, എന്നിവർ സംസാരിച്ചു.