 രക്ഷപ്പെടുത്തിയത് ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ

തൊടുപുഴ: മീൻമുട്ടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളെ ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. അഞ്ചിരിക്കവല ചീമ്പാറ ജമാൽ (54), ഇടവെട്ടി പതിക്കുഴിയിൽ അന്ത്രു (55) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇതിൽ ഗുരുതര പരിക്കേറ്റ ജമാലിനെ വിദഗ്ദ്ധ പരിശോനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മീൻമുട്ടി പുൽപ്പറമ്പിൽ ജോബിയുടെ വീട്ടുമുറ്റത്തേയ്ക്കാണ് കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. അയൽവാസി മാഞ്ഞിലാട്ട് ജോസിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ബലപ്പെടുത്തുന്നതിനിടെ 12 അടി ഉയരത്തിൽ നിന്നാണ് കെട്ട് ഇടിഞ്ഞ് വീണത്.

ഈ സമയം നാല് തൊഴിലാളികളും ജോബിയുമാണ് പണി ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റുള്ളവർ ഓടിമാറിയെങ്കിലും ജമാലിന്റെയും അന്ത്രുവിന്റെയും ദേഹത്തേയ്ക്ക് മണ്ണും കല്ലും വീഴുകയായിരുന്നു. അരയ്‌ക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു തൊഴിലാളികൾ. സംഭവമറിഞ്ഞ് ഓടിയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ്, പ്രദേശവാസികളായ മനോജ്, റോബിൻ, ബിനോ, ജോജി, രാജി തുടങ്ങിയവരും ഇടവെട്ടി സപ്ലൈകോ ഗോഡൗണിൽ നിന്നുള്ള തൊഴിലാളികളുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നാലെ തൊടുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം അന്ത്രുവിനെയും പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ജമാലിനെയും മണ്ണിനടിയിൽ നിന്ന് രക്ഷപെടുത്തുകയായിരുന്നു. തകർന്ന സംരക്ഷണ ഭിത്തിയും വീടും തമ്മിൽ വീതികുറവായതിനാലാണ് തൊഴിലാളികളെ രക്ഷിക്കാൻ കൂടുതൽ സമയമെടുത്തത്. തൊടുപുഴ ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ പി.വി. രാജൻ, ഉദ്യോഗസ്ഥരായ ബെൽജി വർഗീസ്, കെ.എം. നാസർ, മനു ആന്റണി, രാഗേഷ്‌കുമാർ ഒ.ജി, സുഭാഷ് എസ്.ഒ, സജാദ്. പി, എസ്. അൻവർഷാൻ, ഡി. അഭിലാഷ്, ജിൻസ് മാത്യു, വിജിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. തഹസിൽദാർ കെ. എൻ. റോസ്കുട്ടി, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ആഫീസർ, തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.