തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉടനൊന്നും മാറില്ല
തൊടുപുഴ: അത്യാവശ്യ സൗകര്യങ്ങളൊരുക്കി എത്രയും വേഗം തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പുതിയ ബഹുനില മന്ദിരത്തിലേക്ക് മാറ്റാനുള്ള തീരുമാനം പിന്നെയും മാറ്റി. സാങ്കേതി ക കാരണങ്ങളാലാണ് വീണ്ടും മാറ്റമുണ്ടായത്. കഴിഞ്ഞ 20ന് പി.ജെ. ജോസഫ് എം.എൽ.എയുടെയും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജനകീയ സമിതി രൂപീകരിച്ച് പത്തിനകം ഡിപ്പോ തുറക്കാനായിരുന്നു തീരുമാനം. ഡിപ്പോ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീർക്കേണ്ട നിർമാണ ജോലികൾ വിലയിരുത്താനും എസ്റ്റിമേറ്റ് തയാറാക്കാനുമായി കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം എൻജിനിയർമാരും ഡിപ്പോ എൻജിനിയറും പരിശോധന നടത്തിയിരുന്നു. മേൽക്കൂരയിലെ ചോർച്ച മാറ്റി വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയും ടോയ്‌ലറ്റുകൾ ഉപയോഗ യോഗ്യമാക്കിയും ഡിപ്പോ താത്കാലികമായി തുറക്കാനായിരുന്നു ശ്രമം. ഇതിനു വേണ്ടി പ്രാരംഭ നടപടികൾ നടത്തിയെങ്കിലും ചീഫ്ആഫീസിൽ നിന്ന് സാങ്കേതിക അനുമതി ലഭിച്ചില്ല. ഇതോടെയാണ് ഡിപ്പോ നാളെ തുറക്കാനുള്ള സാധ്യതകൾ അസ്തമിച്ചത്. ഇതിനുമുമ്പും പലതവണ ഡിപ്പോ മാറ്റാൻ ശ്രമം നടത്തിയിട്ടും നടപ്പായില്ല.
2013 മുതൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറി സ്റ്റാൻഡിൽ പരിമിത സൗകര്യത്തിലാണ് ഡിപ്പോയുടെ പ്രവർത്തനം. ഡിപ്പോ പ്രവർത്തിപ്പിക്കാൻ നഗരസഭ അനുവദിച്ച കാലാവധിയും അവസാനിച്ചു. പുതിയ ഡിപ്പോ എത്രയും വേഗം തുറക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ലോറി സ്റ്റാൻഡിൽ നിന്ന് ഡിപ്പോ മാറ്റണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടു കഴിഞ്ഞു.
നിർമാണം ആരംഭിച്ചിട്ട് ഏഴ് വർഷം
2013 ജനുവരിയിലാണ് തൊടുപുഴയിൽ ആധുനിക സൗകര്യങ്ങളോടുള്ള ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമാണം ആരംഭിച്ചത്. ആദ്യം പന്ത്രണ്ടര കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. പല കാരണങ്ങളാൽ ഇടയ്ക്ക് നിർമാണം മുടങ്ങി. ഇതു മൂലം ലക്ഷക്കണക്കിന് രൂപ കോർപറേഷന് നഷ്ടമായി. പി.ജെ. ജോസഫ് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി കൂടി അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയായില്ല.
രാഷ്ട്രീയ- ഉദ്യോഗസ്ഥ വടംവലി
തൊടുപുഴ ഡിപ്പോ മാറ്റം വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ- ഉദ്യോഗസ്ഥ വടംവലിയാണെന്ന് സൂചന. രാഷ്ട്രീയഭേദമന്യേ ഡിപ്പോ പ്രവർത്തനം ആരംഭിക്കണമെന്ന് യോഗത്തിൽ ശക്തമായി എല്ലാവരും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇടങ്കോലിട്ടതാണ് തടസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഡിപ്പോ തുറക്കാനെടുത്ത തീരുമാനങ്ങൾ ചീഫ് ആഫീസിൽ അറിയിച്ചില്ലെന്നാണ് വിവരം. ഇതാണ് സാങ്കേതിക അനുമതി ലഭിക്കാതെ പോയത്. മുമ്പ് പുതിയ മന്ദിരത്തിലെ കടമുറികൾ ലേലം ചെയ്യുന്നത് അട്ടിമറിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമം നടത്തിയതായി വാർത്തയുണ്ടായിരുന്നു.
' അത്യാവശ്യ ജോലികൾ തീർക്കണമെങ്കിൽ അഞ്ചു ലക്ഷത്തോളം ചെലവു വരും. ടെണ്ടർ ക്ഷണിക്കാതെ രണ്ടു ലക്ഷത്തിൽ താഴെ മാത്രമുള്ള നിർമാണ പ്രവർത്തിയേ നടത്താവു. രണ്ടു മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ പൂർത്തിയാക്കും."
-സി.വി. വർഗീസ് (ഡയറക്ടർ ബോർഡംഗം)
'ഡിപ്പോ പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ല. ഡിപ്പോ മാറ്റുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ നിന്നും ഒരു ഔദ്യോഗിക അറിയിപ്പും ഇതു വരെ ലഭിച്ചിട്ടില്ല. ചീഫ് ആഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ ഡിപ്പോ മാറ്റുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകൂ."
- ആർ. മനേഷ് (ഡി.ടി.ഒ)