തൊടുപുഴ: അതിർത്തി ഗ്രാമമായ വട്ടവടയിൽ ദളിത് വിഭാഗത്തിൽപ്പെട്ട ചക്ലിയ ജാതിക്കാരുടെ താടിയും മുടി വെട്ടാൻ തയ്യാറാകാത്ത രണ്ട് ബാർബർ ഷോപ്പുകൾ പഞ്ചായത്ത് അടപ്പിച്ചു. കോവിലൂർ ടൗണിൽ പ്രവർത്തിച്ചിരുന്ന കടകളാണ് പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജിന്റെയും സെക്രട്ടറി നന്ദകുമാറിന്റെയും നേതൃത്വത്തിൽ പൂട്ടിച്ചത്. ഇനിയും മാറാത്ത വട്ടവടയിലെ ജാതിവിവേചനം നേരത്തെ വാർത്തയായിട്ടുണ്ടെങ്കിലും ഇതിനെതിരെ പുതുതലമുറയിൽപ്പെട്ടവർ പരാതിപ്പെട്ടതോടെയാണ് വീണ്ടും ചർച്ചയാകുന്നത്. പരാതി ഉയർന്നതോടെ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വട്ടവട സന്ദർശിച്ചു. വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പൊതുബാർബർഷോപ്പ് ആരംഭിക്കാൻ തീരുമാനിച്ചു.
ഇവിടെ ജോലി ചെയ്യാൻ ബാർബർമാർ തയ്യാറാകാതെ വന്നതോടെ വട്ടവടയ്ക്ക് പുറത്തുനിന്ന് ആളെ കൊണ്ടുവരാനാണ് തീരുമാനം. ഒപ്പം ജാതിവിവേചനം അവസാനിപ്പിക്കാൻ മറ്റ് സമുദായങ്ങളിലുള്ളവരുമായി ചർച്ച നടത്താനും പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വർഷങ്ങളായി തുടരുന്ന വിവേചനം
വട്ടവടയിൽ ചക്ലിയ വിഭാഗത്തിൽപ്പെട്ട 250 കുടുംബങ്ങളാണുള്ളത്. ഇവർക്കാണ് ബാർബർഷോപ്പുകളിൽ വിലക്ക് നേരിട്ടിരുന്നത്. ഇവർക്ക് മുടിവെട്ടാൻ 12 കിലോമീറ്റർ ദൂരത്തുള്ള ചിറ്റുവരയിലോ 42 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാറിലോ എത്തണം. ഇതൊഴിവാക്കാൻ ഇവർ പരസ്പരം മുടിമുറിക്കുകയാണ് പതിവ്.
പണ്ട് വട്ടവട പഞ്ചായത്തിലെ ഹോട്ടലുകളിലും മറ്റും ചക്ലിയ വിഭാഗത്തിന് ചായ നൽകിയിരുന്നത് ചിരട്ടയിലായിരുന്നു. പിന്നീടത് പ്രത്യേകം തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഗ്ലാസുകളിലേക്ക് മാറി. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ജീവിതരീതികളും ഭക്ഷണരീതികളുമാണ് ചക്ലിയ വിഭാഗങ്ങൾ പിന്തുടരുന്നത്.