തൊടുപുഴ: സമഗ്ര ശുചിത്വ പരിപാലന പ്രവർത്തനങ്ങളെ മുൻനിറുത്തി ശുചിത്വ പദവി നൽകുന്നതിനുള്ള ജില്ലയുടെ പ്രാഥമിക പട്ടികയിലെ 26 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നാല് പേരൊഴികെ 'പരീക്ഷ' ആദ്യ ഘട്ടത്തിൽ വിജയിച്ചു. നാല് സ്ഥാപനങ്ങൾക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങൾ കൂടി അനുവദിച്ചു. ഹരിതകേരളം മിഷൻ, ശുചിത്വ കേരളം മിഷൻ, കുടുംബശ്രീ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ്, ക്ലീൻ കേരള കമ്പനി എന്നിവയുടെ പ്രതിനിധികളടങ്ങിയ നാല് സമിതികളാണ് എട്ട് ബ്ലോക്കുകളിൽ നിന്നുള്ള 24 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എച്ച്. ദിനേശന് സമർപ്പിച്ചു. സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് 100 മാർക്കിന്റെ 'പരീക്ഷ'യാണ്
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നടത്തിയത്.
90 ശതമാനത്തിലേറെ
സ്‌കോർ ചെയ്ത് കുമളി
ശുചിത്വ പദവി പരീക്ഷയിൽ 90 ശതമാനത്തിലേറെ സ്‌കോർ ചെയ്ത കുമളിയ്ക്കാണ്
ഒന്നാം റാങ്ക്. രാജാക്കാട്, ആലക്കോട്, പുറപ്പുഴ, നെടുങ്കണ്ടം
പഞ്ചായത്തുകൾക്ക് 70 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.
അടിമാലി, കുമാരമംഗലം, പെരുവന്താനം, മുട്ടം, വെള്ളത്തൂവൽ, കോടിക്കുളം,
ശാന്തമ്പാറ, വെള്ളിയാമറ്റം, ഇടവെട്ടി, കൊക്കയാർ, മരിയാപുരം, കരിമണ്ണൂർ, കരിങ്കുന്നം, മണക്കാട്, ഏലപ്പാറ,കട്ടപ്പന നഗരസഭ, തൊടുപുഴ നഗരസഭ എന്നിവയ്ക്ക് 60നും 70നുമിടയിലാണ് മാർക്ക്. വിജയിച്ച പഞ്ചായത്തുകൾക്കെല്ലാം ശുചിത്വ പദവി പ്രഖ്യാപനം നടത്താം.
'സപ്ലി' യിൽപ്പെട്ടത് ഇവർ
മറയൂർ, കുടയത്തൂർ, കാന്തല്ലൂർ, മാങ്കുളം പഞ്ചായത്തുകളാണ് 'സപ്ലി'യിൽപ്പെട്ടത്. 15ന് സമിതി ഇവരുടെ പ്രവർത്തനങ്ങൾ വീണ്ടും അവലോകനം ചെയ്യും. ഇതിനകം നിശ്ചിത മാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കിയാൽ കടമ്പ കടക്കാം.