തൊടുപുഴ: മാട്ടിറച്ചിയുടെ ​(ബിഫ്)​ വില നിശ്ചയിക്കാൻ സർക്കാരിന് ഇനി മുതൽ അധികാരമുണ്ടാകില്ല. ബീഫ് അവശ്യവസ്തുവല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. കൊവിഡിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കട്ടപ്പനയടക്കമുള്ള സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും പൊലീസും ഇടപെട്ട് മാട്ടിറച്ചിയുടെ വില 300 രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതിനെതിരെ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സലിം ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാട്ടിറച്ചി അവശ്യവസ്തുവല്ലെന്നും ഉചിതമായ തീരുമാനമെടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചത്. തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കോ പൊലീസിനോ ബീഫിന്റെ വില നിശ്ചയിക്കാൻ അധികാരമില്ലെന്ന് സർക്കാർ ബുധനാഴ്ച ഉത്തരവിറക്കുകയായിരുന്നു. എന്നാൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുവെന്ന നിലയിൽ മാട്ടിറച്ചിയുടെ വിലയിൽ നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടാകും. അത് ഒരിക്കലും സ്ഥിര വിലയായി പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് പുറത്ത് നിന്ന് ഉരുക്കൾ വരാതായതോടെ ബീഫിന് വില കുതിച്ചുയർന്ന് 400ൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് വില 300 ആക്കി നിജപ്പെടുത്തിയത്.