 14ന് തൊടുപുഴയിൽ ആയിരത്തിലധികം പട്ടയങ്ങൾ നൽകും

തൊടുപുഴ: ആയിരത്തിൽപരം പട്ടയങ്ങൾ കൂടി 14ന് തൊടുപുഴ ടൗൺ ഹാളിൽ വിതരണം ചെയ്യും. കരിമണ്ണൂർ എൽ.എ ഓഫീസ് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിഭാഗത്തിലുൾപ്പെടെ ഉള്ള കർഷകർക്കും പട്ടയം ലഭിക്കും. 1993 ലെ നിയമപ്രകാരം വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ തൊടുപുഴ താലൂക്കിലെ വനമേഖലയോട് ചേർന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങൾക്ക് നിയമ ഭേദഗതി വരുത്തി റവന്യു ഭൂമിയായി കൈമാറ്റപ്പെട്ട മുഴുവൻ ഭൂമിയ്ക്കും പട്ടയം നൽകാൻ തീരുമാനമായിട്ടുണ്ട്. ആദിവാസി സെറ്റിൽമെന്റുകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ജനറൽ വിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പെരിങ്ങാശ്ശേരി, മൂലക്കാട്, ഉപ്പുകുന്ന്, ആൾക്കല്ല്, വെള്ളിയാനി, കട്ടിക്കയം തുടങ്ങിയ മേഖലകൾ സംയുക്ത പട്ടയ ലിസ്റ്റിൽ നിന്നും അക്കാലത്ത് ഒഴിവായി പോയി. ആ പ്രദേശങ്ങളിൽ കുടിയേറിയ പൊതു വിഭാഗത്തിനും പട്ടയം ലഭിച്ചില്ല. തുടർന്ന് ഇവർ നൽകിയ അപേക്ഷകളിലാണ് കരിമണ്ണൂർ എൽ.എ ഓഫീസ് പരിധിയിൽ പെട്ടവർക്ക് പട്ടയം വിതരണം ചെയ്യുന്നത്. കരിമണ്ണൂർ ഭൂപതിവ് ഓഫീസ് പരിധിയിലെ വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, നെയ്യശേരി, അറക്കുളം വില്ലേജ് പരിധിയിൽ വരുന്ന 15000 ഓളം കുടുംബങ്ങൾക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. റവന്യു വനം വകുപ്പ് സംയുക്ത ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കഞ്ഞിക്കുഴി, ഇടുക്കി, വാഴത്തോപ്പ് പ്രദേശങ്ങളിലെ 8500 ഓളം കുടിയേറ്റ കർഷകർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചു വരുന്നു. കുറ്റിയാർവാലി പദ്ധതി പ്രദേശത്തെ 2300 കുടുംബങ്ങൾക്ക് അഞ്ച് സെന്റു വീതവും 770 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും അനുവദിച്ച് പട്ടയഭൂമി കൈവശക്കാർക്ക് കൈമാറി നൽകുന്ന നടപടികളും പൂർത്തിയായി. ഈ നടപടികളുടെ ആദ്യ ഘട്ടമാണ് അഞ്ചാമത് പട്ടയമേളയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

നെടുങ്കണ്ടം ഭൂമി പതിവ് ഓഫീസ് പരിധിയിൽ കുത്തുങ്കൽ പദ്ധതി പ്രദേശം ഉൾപ്പെടെയുള്ള മേഖലകളിൽ പട്ടയം ലഭിക്കും. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 28560 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്.

രാവിലെ 11ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അഞ്ചാമത് പട്ടയമേള ഉദ്ഘാടനം ചെയ്യും. കുറ്റിയാർവാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി, കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിക്കും. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും.പി.ജെ. ജോസഫ് എം.എൽ.എ സ്വാഗതം പറയും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എച്ച്.ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസ്, എ.ഡി.എം ആന്റണി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തുടങ്ങിയവർ പങ്കെടുക്കും.

പട്ടയം ഇവർക്ക്

തൊടുപുഴ താലൂക്ക്- 139, ഇടുക്കി താലൂക്ക്- 20, ദേവികുളം താലൂക്കിലെ മന്നാംകണ്ടം, വെള്ളത്തൂവൽ മേഖല- 24, കരിമണ്ണൂർ- 130, കട്ടപ്പന- 258, മുരിക്കാശ്ശേരി- 94, നെടുങ്കണ്ടം- 100, രാജകുമാരി- 50, പീരമേട്- 76, ഇടുക്കി- 110,​ ഉടുമ്പൻചോല- ഒരു ലാന്റ് ട്രെബ്യൂണൽ പട്ടയം