തൊടുപുഴ: ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീവ്രന്യൂനപക്ഷ വർഗീയ പാർട്ടികളുമായി യു.ഡി.എഫ് അടുത്തകാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ രക്തസാക്ഷിയാണ് ജോസ് കെ. മാണി. നാല് മാസം മാത്രം കാലാവധിയുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് കെ.എം. മാണിയുടെ പാർട്ടിയെ യു.ഡി.എഫ്. പുറത്താക്കിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഭൂരിപക്ഷ വർഗീയ ശക്തികളുമായി പണ്ടേ അടുപ്പമുള്ള കോൺഗ്രസ്, മുസ്ലിം ലീഗിന്റെ പിന്തുണയോടെ ചില തീവ്രന്യൂനപക്ഷ പാർട്ടികളെക്കൂടി മുന്നണിയിൽ കൂട്ടിയതിന്റെ ഭാഗമാണ് ഈ പുറത്താക്കൽ. വിഷയത്തിൽ ലീഗിന്റെ നിസംഗതയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കസ്തൂരിരംഗൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജോസ് കെ.മാണിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും മുന്നണിയെ ശക്തിപ്പെടുത്താനും മതേതരത്വ സംരക്ഷണത്തിനും വേണ്ടി അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെക്കാൻ തയ്യാറാണ്. ഇന്ന് ജോസ് കെ.മാണിക്ക് സംഭവിച്ചത് തന്നെ ഭാവിയിൽ പി.ജെ.ജോസഫിനും യു.ഡി.എഫിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.