തൊടുപുഴ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ശ്രീകൃഷ്ണജയന്തിയുടെ ആവേശവും ആനന്ദവും ഒട്ടുംചോർന്നുപോകാതെ ബാലഗോകുലം ജില്ലയിൽ വിപുലമായി കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു. ഉണ്ണിക്കണ്ണൻമാരുടെ കോലക്കുഴൽ വിളിയും കൃഷ്ണനാമജപങ്ങളും രാധാവേഷമണിഞ്ഞ കുരുന്നുകളുംഗോപികമാരും വീടുകളെ വൃന്ദാവനമാക്കി. രാവിലെ വീടുകളിൽ ഒരുക്കിയ കൃഷ്ണകുടീരങ്ങളിൽ ദീപം തെളിയിച്ച് കണ്ണനെ വന്ദിച്ചു. ഉണ്ണികണ്ണവേഷധാരികളായ കുരുന്നുകളുംഗോപികമാരും ചേർന്ന് കൃഷ്ണപൂക്കളമൊരുക്കി. ഉച്ചയ്ക്ക് വീട്ടിലെ കുട്ടികൾക്കും അയൽവീട്ടിലെ കുട്ടികൾക്കും 'കണ്ണനൂട്ട്' നടത്തി. വൈകിട്ട് നടന്ന നാമസങ്കീർത്തനത്തിലും മന്ത്രജപത്തിലും കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കെടുത്തു. തുടർന്ന് വീടുകൾ മൺചിരാതുകൾകൊണ്ട് ദീപാലംകൃതമാക്കി. ബാലഗോകുലം തയ്യാറാക്കിയ പൊതുപരിപാടിയിൽ ഓൺലൈൻ മുഖേന കുടുംബാംഗങ്ങൾ പങ്കെടുത്തു.
വീടുകളിൽ കൂടാതെക്ഷേത്രങ്ങളിലും കൊവി‌ഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ഉറിയടി, തുളസീവന്ദനം, അശ്വത്ഥനാരായണപൂജ, നന്ദീവന്ദനം, ഗോപൂജ, കൃഷ്ണ കലോത്സവം തുടങ്ങിയ വിവിധ പരിപാടികളിൽ ജില്ലയിൽ നൂറുകണക്കിന് ബാലികാബാലന്മാർ പങ്കെടുത്തു.