ചെറുതോണി:മഴ കനത്തതോടെ ചെറുതോണിയിലെ താൽക്കാലിക ബസ് സ്റ്റാൻഡ് ചെളിക്കുളമായി. ഇതോടെ ബസ്സിൽ യാത്ര ചെയ്യാൻ എത്തുന്ന യാത്രക്കാർ ദുരിതത്തിലായി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവ്വീസ് ബസുകൾ സ്റ്റാന്റിൽ കയറിയാണ് പോകുന്നത്.ചെറുതോണിയിൽ ജില്ലാ പഞ്ചായത്ത് കാർഷിക മാർക്കറ്റിനായി നിർമിച്ച സ്ഥലം താൽകാലിക ബസ്റ്റാന്റായി ഉപയോഗിക്കുകയായിരുന്നു. എന്നാൽ 2018 ൽ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടതോടെ ബസ്റ്റാന്റ് പൂർണമായി ഒലിച്ചുപോകുകയും കംഫർട്ട് സ്റ്റേഷനുൾപ്പെടെ മുപ്പതോളം വ്യാപാര സ്ഥാപനങ്ങളും തകരുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ചെറുതോണിയിൽ ഓട്ടോറിക്ഷകൾ, ടാക്‌സി വാഹനങ്ങൾ , സർവ്വീസ് ബസുകൾ എന്നിവ പാർക്കുചെയ്യുന്നതിന് സൗകര്യമില്ലാതാകുകയും ടൗണിൽ ഗതാഗത കുരുക്ക് നിത്യസംഭവമാകുകയും ചെയ്തിരുന്നു. പിന്നീട് സി.പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി വർഗീസിന്റെ നേതൃത്വത്തിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ താൽകാലിക സ്റ്റാന്റ് നിർമിക്കുകയായിരുന്നു. നിരവധി സമരങ്ങൾക്കൊടുവിൽ പൊലീസ് സ്റ്റേഷന് സമീപം ബസ്റ്റാന്റ് നിർമിക്കുന്നതിനും ജില്ലാ പഞ്ചായത്ത് സ്ഥലം നൽകുകയും റോഷി അഗസ്റ്റിൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിർമാണമാരംഭിച്ചെങ്കിലും മൺപണി കഴിഞ്ഞപ്പോൾ അനുവദിച്ച തുക തികയുകയില്ലന്നറിയിച്ച് നിറുത്തി വച്ചിരിക്കുകയായിരുന്നു. നിലവിൽ അവിടെ ബസുകൾ പാർക്കുചെയ്യാൻ കഴിയില്ല. ചെറുതോണിയിൽ ബസ്റ്റാന്റില്ലാത്തതിനാൽ ടാക്‌സി വാഹനങ്ങളും ഓട്ടോറിക്ഷകളും കടകൾക്ക് മുമ്പിലാണ് പാർക്കുചെയ്യുന്നത്. ഇത് പലപ്പോഴും വ്യാപാരികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ടൗണിലെ വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. അതിനാൽ അടിയന്തിരമായി ചെറുതോണിയിലെ താൽകാലിക സ്റ്റാന്റിൽ അറ്റകുറ്റപ്പണികൾ നടത്തുകയും നിർമാണമാരംഭിച്ച് ബസ്റ്റാന്റിന്റെ പണികളുടൻ പൂർത്തിയാക്കുകയും ചെയ്യണമെന്ന് വ്യാപാരികളും നാട്ടുകാരുമാവശ്യപ്പെട്ടു.