മുട്ടം: ശങ്കരപ്പിള്ളി എംവിഐപി സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ഷെഡ് നാട്ടുകാർ പൊളിച്ച് നീക്കി. ഷെഡ് സാമൂഹ്യ വിരുദ്ധർ താവളമാക്കി നാട്ടിലെ സമാധാന ജീവിതത്തിന് ഭീഷണിയായതോടെയാണ് നാട്ടുകാർ സംഘടിച്ച് ഷെഡ് പൊളിച്ച് മാറ്റിയത്. രാത്രി കാലങ്ങളിൽ ഈ ഷെഡ് കേന്ദ്രീകരിച്ച് മദ്യപാനവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതെയാണ് നാട്ടുകൾ ഷെഡ് പൊളിച്ചത്.സംഭവമറിഞ്ഞ് മുട്ടം പോലീസ് സംഘം സ്ഥലത്തെത്തി. ഷെഡിൽ താവളമാക്കിയിരുന്നവർ ഷെഡ് പൊളിച്ചതറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.ഇവരെ താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു. പൊലീസ് സ്ഥലത്തു നിന്നും പോയതിനു ശേഷം ഇതേ സംഘം വീണ്ടും സ്ഥലത്തെത്തി ഷെഡ് പുനർനിർമ്മിക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തി.പൊതു സ്ഥലത്ത് അനധികൃതമായി ഷെഡ് നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുട്ടം എസ് ഐ ഷാജഹാൻ പറഞ്ഞു.