 ബസ് ഓൺ ഡിമാൻഡ് പദ്ധതിയുമായി തൊടുപുഴ കെ.എസ്.ആർ.ടി.സി


തൊടുപുഴ: ദൂരസ്ഥലങ്ങളിലെ ആഫീസിലെത്താൻ ഇനി സ്വകാര്യ വാഹനങ്ങൾ വേണ്ട,​ അതിനൊക്കെ ഇനി കെ.എസ്.ആർ.ടി.സി ബസുണ്ടാകും. ജീവനക്കാരെ അവരുടെ ആഫീസിലേക്കെത്തിക്കാനുള്ള ബസ് ഓൺ ഡിമാൻഡ് സേവനം തൊടുപുഴ ഡിപ്പോയിൽ ആരംഭിക്കുന്നു. ആദ്യമായി 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് (ബസ് ഓൺ ഡിമാൻഡ് ) ട്രാവൽ കാർഡുകൾ കൈപ്പറ്റാം. ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കും. ഇടയ്ക്ക് സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ലെന്നതാണ് പ്രധാന പ്രത്യേകത. ഇടയ്ക്കുള്ള ഡിപ്പോകളിലും ബസുകൾ കയറില്ല. ഓരോരുത്തരെയും അവർ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ ഇറക്കും. യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങൾ സൗജന്യമായി സൂക്ഷിക്കാനും കെ.എസ്.ആർ.ടി.സി സൗകര്യമൊരുക്കും. ആദ്യപടിയായി തൊടുപുഴയിൽ നിന്ന് എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കാണ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തുടങ്ങുക. ഒരു ബസിൽ 35 പേരുണ്ടെങ്കിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ പദ്ധതിയിൽ ബസ് ഓൺ ഡിമാൻഡ് യാത്രക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ചാണ് ബോണ്ട് പദ്ധതി കെ.എസ്.ആർ.ടി.സി ആരംഭിക്കാനൊരുങ്ങുന്നത്. യാത്രക്കാർ ആഫീസുകളിൽ എത്താൻ ചെറുവാഹനങ്ങൾ ഒഴിവാക്കുന്നത് വഴി നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനും കഴിയും. സ്ഥിര യാത്രക്കാർക്ക് ഏറെ ഉപകാര പ്രദമായ ഈ പദ്ധതി തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ നടപ്പാക്കിയിട്ടുണ്ട്.

പ്രധാന സവിശേഷകൾ

 യാത്രക്കാരുടെ സ്വകാര്യ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം

 യാത്രക്കാർക്ക് അപകട ഇൻഷുറൻസ് നൽകും

 എല്ലാവർക്കും സീറ്റ് ഉറപ്പ്

 ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തും

 ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുമ്പിൽ ഇറക്കും

ലൊക്കേഷൻ ഷെയറിങ്

ഓരോ ബസിലെയും യാത്രക്കാരെ ഉൾപ്പെടുത്തി വാട്‌സാപ് കൂട്ടായ്മകൾ തുടങ്ങി ബസിന്റെ ലൊക്കേഷൻ മാപ് അയച്ചുകൊടുക്കാനും ലക്ഷ്യമിടുന്നുണ്ട്. ബസിലെ കണ്ടക്ടറുടെ ഫോൺ നമ്പർ നൽകുന്നതിനു പുറമേയാണിത്.

'ബസ് ഒൺ ഡിമാൻഡിലേക്കുള്ള രജിസ്ട്രേഷൻ തൊടുപുഴ ഡിപ്പോയിൽ ആരംഭിച്ചിട്ടുണ്ട്. 35 പേരായാൽ സർവീസ് ആരംഭിക്കും. ആവശ്യത്തിന് യാത്രക്കാരുണ്ടെങ്കിൽ കളക്ട്രേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും"

-മനേഷ് (ഡി.ടി.ഒ)​