aravusala

ആധുനിക അറവ് ശാല, വനിതാ ശൗചാലയം, വനിതാ കാന്റീൻ ഉദ്ഘാടനം ചെയ്തു

കുമളി : പഞ്ചായത്തിൽ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു.ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോൾ എംഎൽഎയും നിർവ്വഹിച്ചു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ തുടങ്ങിയവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

.എല്ലാ പഞ്ചായത്തുകളിലും അറവുശാലകൾ നിർമ്മിക്കണമെന്ന സർക്കാർ നിർദ്ദേശം അടിസ്ഥാനമാക്കിയായിരുന്നു കുമളി പഞ്ചായത്ത് മുരുക്കടിയിൽ ആധുനിക അറവ് ശാല നിർമ്മിച്ചത്. ഒരു കോടി 90 ലക്ഷം രൂപചെലവായി. മൂന്ന് വലിയ മൃഗങ്ങളേയും മൂന്ന് ചെറിയ മൃഗങ്ങളേയും ഒരേ സമയം കശാപ്പ് ചെയ്യാൻ കഴിയും വിധം രണ്ട് നിലകളിലായിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ മൃഗങ്ങളുടെ ആരോഗ്യനില പരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കി നല്ല മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ആധുനിക അറവ് ശാല നിർമ്മിച്ചിട്ടുള്ളത്.

അന്നദാനം കാന്റീൻ വഴി

15 ലക്ഷം രൂപ മുടക്കി കുമളി കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് വനിതാ കാന്റീൻ പണി കഴിപ്പിച്ചിട്ടുള്ളത്.കുമളി എഫ് എച്ച് സിയിലെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വനിതാ കാന്റീനിന്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ആശുപത്രിയിൽ നടന്നു വന്നിരുന്ന അന്നദാനം ഇനി മുതൽ കാന്റീൻ വഴിയായിരിക്കും തുടർന്ന് നടത്തുക.

കുമളി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എത്തുന്ന വനിതാ യാത്രികർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വനിതകൾക്ക് മാത്രമായുള്ള ഒരു ആധുനിക ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 65 ലക്ഷം രൂപചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ യൂണിറ്റിൽ 21 ടോയ് ലറ്റുകളും 21 കുളിമുറികളും സജ്ജമാക്കിയിട്ടുണ്ട്.