കട്ടപ്പന: കുടുംബശ്രീയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മന്ത്രി എം.എം മണി ഉച്ചക്ക് 12ന് ബസാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ആദ്യവിൽപ്പന നിർവ്വഹിക്കും.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി. ജി അജേഷ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, നഗര സഭാ വൈസ് ചെയർപേഴ്സൺ ടെസി ജോർജ്ജ്, മറ്റ് നഗരസഭാ അംഗങ്ങൾ, അസി.ജില്ലാ മിഷൻ കോഡിനേറ്റർ ഷാജിമോൻ പി എ, സിഡിഎസ് ചെയർപേഴ്സൺ ഗ്രേയ്സ് മേരി ടോമിച്ചൻ, ജെസി ജേക്കബ്ബ്, ഫസീന ഷാജഹാൻ, കുടുംബശ്രീ ബസാർ കൺസോർഷ്യം സെക്രട്ടറി ശോഭനാ അപ്പു തുടങ്ങിയവർ സംസാരിക്കും.
ഒരു കുടക്കീഴിൽ
കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണിയൊരുക്കുകയും കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരം ഉയർത്തുകയും മായം കലരാത്ത ഉത്പ്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബസാറിന് രൂപം നൽകിയിട്ടുള്ളത്. കട്ടപ്പന മുൻസിപ്പൽ കോപ്ലംക്സിലാണ് കുടുംബശ്രീ ബസാർ സജ്ജീകരിച്ചിട്ടുള്ളത്.