ഇടുക്കി: തൊടുപുഴയിൽ നിന്ന് എളുപ്പം ഇടുക്കിയിലെത്താവുന്ന കൈതപ്പാറ- മനയത്തടം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സമരത്തിലേക്ക്. മുന്നൂറിലധികം ആളുകൾ താമസിക്കുന്ന കൈതപ്പാറ, മക്കുവള്ളി, മനയത്തടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. അതുകൂടാതെ തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്ക് കേവലം 35 കിലോമീറ്റർ മാത്രമുള്ള റോഡാണിത്. 2018ലെ പ്രളയത്തിൽ ഇടുക്കിയിലേക്കുള്ള മുഴുവൻ റോഡുകളും മണ്ണിടിച്ചിലിൽ തടസം നേരിട്ടപ്പോൾ യാതൊരുവിധ പ്രശ്‌നവും സംഭവിക്കാത്ത ഏക റോഡാണിത്.
മരം വെട്ടി മാറ്റുകയോ മണ്ണെടുത്തു മാറ്റുകയോ ചെയ്യാതെ തന്നെ സുഖമായി റോഡ് നിർമിക്കുന്നതിന് സൗകര്യമുണ്ട്. റോഡിന് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും തടസം നിൽക്കുന്ന വനം വകുപ്പ് എത്രയും വേഗം പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയുള്ള സർവേയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് അറിയിച്ചു.