തൊടുപുഴ: സിന്തറ്റിക് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐ.ഡി.എ ഗ്രൗണ്ട് ജില്ലാ പഞ്ചായത്തിന്റേതല്ലെന്നും പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയവും ഫുട്‌ബോൾ കോർട്ടും നിർമിക്കാൻ തയ്യാറാണെന്നും സ്റ്റേഡിയം ഉടമ എന്ന നിലയിൽ കായിക യുവജന വകുപ്പുമായി എം.ഒ.യു ഒപ്പുവയ്ക്കണമെന്നുമാവശ്യപ്പെട്ട് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി കത്തുനൽകിയിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്തിന് കൈവശാവകാശം മാത്രമാണുള്ളത്. ഐ.ഡി.എ സ്റ്റേഡിയത്തിന്റെ രേഖകളൊന്നും ജില്ലാ പഞ്ചായത്തിന്റെ കൈവശമില്ല. ഇടുക്കി വികസന അതോറിട്ടിക്ക് 1998 ലാണ് ഈ ഭൂമി കൈമാറി ലഭിച്ചത്. സർക്കാർ ഉത്തരവ് പ്രകാരം 474 ഹെക്ടർ സ്ഥലം ഇടുക്കി വികസന അതോറിട്ടിക്ക് കൈമാറാൻ ഉത്തരവായിരുന്നു. ഭൂമി സർവേ ചെയ്തപ്പോൾ 322.974 ഹെക്ടർ സ്ഥലം മാത്രമാണ് ഐ.ഡി.എയ്ക്ക് ലഭിച്ചത്. ഈ സ്‌കെച്ചിനുള്ളിൽ ഇടുക്കി സ്റ്റേഡിയം ഉൾപ്പെടുന്നില്ല. മാത്രമല്ല മരിയാപുരം പഞ്ചായത്ത് ഉൾപ്പെടുന്ന പുഴ പുറമ്പോക്കിലാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും ഇപ്പോൾ പരിപാലിച്ചുവരുന്നത് ജില്ലാ പഞ്ചായത്താണ്. സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒമ്പതാം തീയതിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ല. എം.ഒ.യുവിന്റെ മാതൃകയും ലഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന് ആവശ്യമായ 7.5 ഏക്കറിന്റെ പകുതിപോലും അവിടെ ലഭ്യമല്ലെന്നും സമീപവാസികളെ കുടിയിറക്കുമ്പോഴുള്ള പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്നും അവർ പറഞ്ഞു. സ്റ്റേഡിയത്തിന്റെ യാതൊരുവിധ രേഖകളും കൈവശമില്ലാത്തതിനാൽ സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ നൽകേണ്ട കാര്യവുമില്ലായിരുന്നു. ഇക്കാര്യങ്ങൾ ജില്ലാ പഞ്ചായത്തിന്റെ അടുത്ത ജനറൽ കമ്മിറ്റിയെ അറിയിക്കുമെന്നും കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.