തൊടുപുഴ: രണ്ടില ചിഹ്ന പ്രശ്‌നത്തിൽ തങ്ങൾക്കനുകൂലമായ ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലയിലെമ്പാടും ആഹ്ലാദപ്രകടനം നടത്തി. ഹൈക്കോടതി വിധി ധാർമ്മിക വിജയമാണെന്ന് കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോൺ പറഞ്ഞു. പാർട്ടി പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് ശേഷം ഗാന്ധിസ്‌ക്വയറിൽ നടന്ന യോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ, ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത്, ക്ലമന്റ് ഇമ്മാനുവൽ, ഷിബു പൗലോസ്, ബിനോയി മുണ്ടയ്ക്കമറ്റം, ജെയിസ് ജോൺ, ടി.എച്ച് ഈസാ ,എ.എസ് ജയൻ എന്നിവർ പ്രസംഗിച്ചു.