മുടങ്ങിയ മറയൂർ ചന്ദന ലേലം 16 ,17 തീയതികളിൽ
മറയൂർ: കൊവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയിരുന്ന മറയൂർ ചന്ദന ലേലം 16, 17 തീയതികളിൽ നാലുഘട്ടമായി നടക്കും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന മാസങ്ങളിൽ അയൽ സംസ്ഥാനത്ത് നിന്ന് ലേലത്തിൽ പങ്കെടുക്കുന്നതിനും ലേലത്തിൽ വാങ്ങുന്ന ചന്ദനം കൊണ്ടുപോകുന്നതിനുമുള്ള പ്രയാസങ്ങൾ പരിഗണിച്ചാണ് ജൂലായ് മാസത്തിൽ നടത്താനിരുന്ന ലേലം നീണ്ടുപോയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച വനം വകുപ്പ് ലേലത്തിനുള്ള ചന്ദനത്തടികൾ തൊഴിലാളികളെ ഉപയോഗിച്ച് ചെത്തി ഒരുക്കി. ഈ വർഷം നടക്കാൻ പോകുന്ന ആദ്യലേലത്തിൽ വനം വകുപ്പ് 81 ടൺ ചന്ദനമാണ് വിൽപനയ്ക്കായി വയ്ക്കുന്നത്. ലോട്ടുകളായി പതിനഞ്ച് ക്ലാസ് ചന്ദന ഇനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വിപണിയിൽ ഏറെ ഡിമാന്റുള്ള ക്ലാസ് ആറ് ഇനത്തിൽപ്പെട്ട ബാഗ്രാദാദ് ചന്ദനമുട്ടികൾ ലോട്ടുകളായി തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും അധികം വില ലഭിക്കാറുള്ള ചൈന ബുദ്ധ്, ക്ഷേത്രങ്ങൾക്കും ആയുർവേദ ഔഷധ ശാലകൾക്കും ആവശ്യമായ സാപ്പ് വുഡ് ബില്ലറ്റ്, സാപ്പ് വുഡ് ചിപ്സ് എന്നിവയും ലോട്ടുകളായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ചന്ദന ഇ- ലേലത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിച്ചു വരുന്നു. ഒരു വർഷം മുൻപ് വരെ 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ലേലത്തിലൂടെ സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ആയുവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ മറയൂർ ചന്ദലേലത്തിൽപങ്കെടുക്കുന്നവർ ചുരുക്കം മാത്രമാണ്. ചന്ദന ലേലത്തിൽ പൊതുവെ വിൽപനക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്. ഇതിന് പുറമേ കള്ളകടത്തുകാരിൽ നിന്ന് പിടികൂടുന്ന ചന്ദനവും ലേലത്തിൽ വയ്ക്കാറുണ്ട്.