മൂലമറ്റം: കെ.എസ്.ഇ.ബി മൂലമറ്റത്ത് പുതിയ സെക്ഷൻ ആഫീസ് നിർമിക്കാൻ നടപടികൾ ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം കെ.എസ്.ഇ.ബിയുടെ സ്ഥലത്താണ് ആഫിസ് നിർമിക്കുന്നത്. 70 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് നിലകളിലായിട്ടാകും കെട്ടിടം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.

കാലഹരണപ്പെട്ട കെട്ടിടത്തിലാണ് സെക്ഷൻ ഓഫീസ്‌ വർഷങ്ങളായി പ്രവർത്തിക്കുന്നത്. 1978 മാർച്ചിലാണ് മൂലമറ്റം സെക്ഷൻ ആഫീസ് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഇരുന്നൂറി ൽ താഴെ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. പിന്നീട് ഉപഭോക്താക്കളുടെ എണ്ണം 22000 ആയി ഉയർന്നു. ഇതിനിടെ ആലക്കോട് സെക്ഷൻ ആഫീസ് നിലവിൽ വന്നതോടെ 4000 ഉപഭോക്താക്കൾ ആലക്കോട് സെക്ഷൻ ആഫീസിലേയ്ക്ക് മാറി. തുടർന്ന് മൂലമറ്റം സെക്ഷനിൽ ഉപഭോക്താക്കളുടെ എണ്ണം 18000 ആയി. അറക്കുളം, വെള്ളിയാമറ്റം കുടയത്തൂർ, മുട്ടം പഞ്ചായത്തുകൾ മൂലമറ്റം സെക്ഷന്റെ പരിധിയിലാണ്. അറക്കുളം പഞ്ചായത്തിലെ മുത്തിയുരുണ്ടയാർ മുതൽ മേലുകാവ് പഞ്ചായത്തിലെ പാണ്ഡ്യൻമാവ് വരെ 100 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് മൂലമറ്റം സെക്ഷന്റെ പരിധി.

ആസ്ബറ്റോസ് ഷീറ്റിന് കീഴിൽ

നാല്പതോളം ജീവനക്കാർ ജോലി ചെയ്യുന്ന സെക്ഷൻ ഓഫീസ് ആസ്ബറ്റോസ് ഷീറ്റിട്ട പഴയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ പുതിയ സെക്ഷൻ ആഫീസ് കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.