ചെറുതോണി: 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങൾ സർവ്വകക്ഷിയോഗ തീരുമാനം അനുസരിച്ച് നടപ്പാക്കുന്നതുവരെ ആഗസ്റ്റ് 25 മുതൽ കേരളാകോൺഗ്രസ് (എം) ആരംഭിച്ചിട്ടുള്ള സഹന സമരം തുടരുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. റിലേ സത്യാഗ്രഹത്തിന്റെ 19-ാം ദിവസം കരിമ്പനിൽ നിന്ന് ആരംഭിച്ച കർഷക മാർച്ചിന്റെ സമാപനയോഗം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമഭേദഗതി നടത്തുന്നതിനു പകരം സുപ്രീകോടതിയെ സമീപിച്ച് ഇടതുസർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഭൂപതിവ് നിയമം കേരളത്തിൽ എല്ലാ സ്ഥലത്തും ഒരേപോലെ ആക്കണം. ഇടുക്കിക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. മൂന്നാറിന്റെ പ്രത്യേക പരിഗണിച്ച് ആ മേഖലയ്ക്കായി നിയമം ഉണ്ടാക്കണം. സുപ്രീകോടതിയിൽ കേസ് നടത്തുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്താൻ തന്റെ നേതൃത്വത്തിൽ ബക്കറ്റ് പിരിവ് നടത്തുമെന്നും ജോസഫ് പറഞ്ഞു.
ജോസ് രാജിവയ്ക്കണം
ലോക്സഭാഗംമായിരിക്കെ കോൺഗ്രസിനെയും യു.ഡി.എഫിനെയും വെല്ലുവിളിച്ച് നേടിയ രാജ്യസഭാംഗത്വം യു.ഡി.എഫിൽ നിന്ന് സ്വയം പുറത്തുപോയതിനാൽ ജോസ് കെ.മാണി രാജിവെയ്ക്കണമെന്ന് ജോസഫ് പറഞ്ഞു. കോട്ടയം എം.പിയും രണ്ട് എം.എൽ.എമാരും മുന്നണി മാറിയ സാഹചര്യത്തിൽ രാജി വെയ്ക്കുന്നതാണ് നല്ലത്. ജോസ് കെ. മാണിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് താൻ വർക്കിംഗ് ചെയർമാനായ കേരളാകോൺഗ്രസിലേക്ക് (എം) കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ധാരാളം നേതാക്കളും പ്രവർത്തകരും കടന്നുവന്നുകൊണ്ടിരിക്കുകയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽഎ, മുൻ എം.പി അഡ്വ. ജോയി എബ്രാഹം, കെ.പി.സി.സി സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.