ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭൂപതിവ് ചട്ടങ്ങളിൽ നിയമഭദഗതിയും മൂന്നാർ സംരക്ഷണത്തിനായി പ്രദേശത്തെ കെ.ഡി.എച്ച് വില്ലേജ് എന്ന പരിധിയിൽ ഒതുക്കി പ്രത്യേക കെട്ടിട നിർമ്മാണ ചട്ടം രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവർ നൽകിയ നിവേദനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1964 ഭൂപതിവ് ചട്ടത്തിലും 1993 പ്രത്യേക ഭൂപതിവ് ചട്ടത്തിലും ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നിയമ ഭേദഗതികൾ വരുത്തിയാൽ മാത്രമേ പട്ടയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂ. അരനൂറ്റാണ്ടു മുമ്പ് അന്നത്തെ സാഹചര്യം അനുസരിച്ചു രൂപപ്പെടുത്തിയ പട്ടയ ചട്ടം കാലാനുസൃതമായ മാറ്റംവരുത്തണം. ഇതിനായി നിയമനിർമ്മാണം നടത്തണമെന്നും കേരള കോൺഗ്രസ്(എം) നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.