തൊടുപുഴ: 2013ൽ നിർമ്മാണം ആരംഭിച്ച് ഇന്നും പൂർത്തിയാകാതെ കിടക്കുന്ന തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണത്തിന്റെ പിന്നിൽ വിഹരിക്കുന്ന അഴിമതിക്കാരെ പുറത്തുകൊണ്ടുവരണമെന്ന്‌ കേരളാകോൺഗ്രസ് (എം) ജോസ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലം ഉൾപ്പെടെ നഷ്ടമായിട്ടും ഡിപ്പോയുമായി ബന്ധപ്പെട്ടു നടക്കുന്ന അഴിമതിയെക്കുറിച്ച് ഉരിയാടാത്ത തൊടുപുഴ എം.എൽ.എയ്ക്ക് ആരോടാണ് ഉത്തരവാദിത്വം. 16 കോടി രൂപയിലധികം ഇതിനോടകം ഡിപ്പോ നിർമ്മാണത്തിനായി ചെലവഴിച്ചുകഴിഞ്ഞു. ഇന്നും ഇലക്ട്രിഫിക്കേഷൻ നടത്തിയിട്ടില്ലാത്ത ഡിപ്പോയുടെ മേൽക്കൂര നനഞ്ഞ് ഒലിച്ചുകൊണ്ടിരിക്കുകയാണ്. ഡിപ്പോ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തതിലും പ്ലാൻ തയ്യാറാക്കിയതിലും തുടർന്നുള്ള നിർമ്മാണപ്രവർത്തികളിലും ഗുരുതരമായ അഴിമതികളും സാമ്പത്തിക ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളത്. ഡിപ്പോ നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് നൽകിയിട്ടുള്ള രണ്ട് കോടി രൂപയും പൊതുഖജനാവിലെ ഫണ്ടുതന്നെയാണെന്ന് പൊതുജനൾക്കറിയാം. ഡിപ്പോയുടെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത് ധൂർത്തടിച്ചവർക്ക് തൊടുപുഴ എം.എൽ.എ ഫണ്ട് നൽകുന്നതിനുപകരം അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയാണ് വേണ്ടത്. അഴിമതിക്കാരെയും വികസനം തടസപ്പെടുത്തുന്നവരെയും സഹായിക്കുന്ന സമീപനം ഉപേക്ഷിച്ച് എം.എൽ.എ ജനകീയ ആവശ്യങ്ങൾക്കും വികസനത്തിനും ഒപ്പം നിൽക്കണമെന്ന് കേരളാകോൺഗ്രസ് (എം) ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മധു നമ്പൂതിരി, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം തുടങ്ങിയവർ പ്രസംഗിച്ചു.