ഇടുക്കി: ചെറുതോണി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനത്തിന് തയ്യാറായതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മധുര കേന്ദ്രമായി പ്രവർക്കുന്ന കെ.എസ്.ആൻഡ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 14 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും.

ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുടെ മുഖച്ഛായ മാറ്റാൻ കഴിയുന്ന ഈ പാലം വലിയ പ്രളയത്തെ അതിജീവിക്കാൻ കഴിയുന്നതും ഇടുക്കി ഡാമിൽ നിന്നുള്ള അധിക അളവ് ജലം ഒഴുക്കി വിടാൻ കഴിയും വിധവും ആധുനിക രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നത്.2018ലെ പ്രളയത്തെത്തുടർന്ന് തകർന്ന ചെറുതോണി പാലം പുനർനിർമ്മിക്കുന്നതിന് അന്ന് സമർപ്പിച്ച സിഗ്‌നേച്ചർ പാലത്തിന്റെ പദ്ധതി 2019 ഓഗസ്റ്റിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് തള്ളിയിരുന്നു. തുടർന്ന് ആധുനിക രീതിയിൽ പാലം നിർമ്മിക്കുന്നതിന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും കേന്ദ്രഉപരിതല ഗതാഗതവകുപ്പിന് പുനർസമർപ്പിച്ച പദ്ധതിയുടെ അനുമതിയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ ഡീൻ കുര്യാക്കോസ് എം.പി നിരവധി തവണ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പ്രത്യേക താത്പര്യമെടുത്ത് പദ്ധതിയ്ക്ക് അനുമതി നൽകുകയായിരുന്നു. 23.83 കോടി രൂപ രൂപയാണ് എസ്റ്റിമേറ്റ് തുക. 120 മീറ്റർ നിളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയിലുമായി നിർമ്മിക്കുന്ന പാലത്തിന് 40 മീറ്റർ നീളത്തിൽ 3 സ്പാനുകളുണ്ടായിരിക്കും. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഇരു വശങ്ങളിലും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പ്രത്യേക ഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. 90 മീറ്റർ വീതമുള്ള 2 അപ്രോച്ച് റോഡിലും പാലത്തിന്റെ ഇരുവശങ്ങളിലും സോളാർ ലൈറ്റുകളും സ്ഥാപിക്കും.