കാഞ്ഞാർ: കാഞ്ഞാറിലെ എം.വി.ഐ.പി ഭൂമിയിലെ പച്ചത്തുരുത്ത് ഇനി ഡോക്യുമെന്റിയിൽ. സിഡിറ്റ് തയ്യാറാക്കുന്ന വീഡിയോ ഡോക്യുമെന്ററിയിലൂടെ പച്ചത്തുരുത്തിലെ വൈവിദ്ധ്യങ്ങൾ കാണാനാകും. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ, പച്ചത്തുരുത്തിന്റെ പരിപാലനം ഏറ്റെടുത്തിട്ടുള്ള തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവരൊക്കെ ഈ ഹരിത ഡോക്യുമെന്ററിയിലുണ്ട്. ഹരിതകേരളം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന്റെ ഭാഗമായാണ് ഏറ്റവും മികച്ച പച്ചത്തുരുത്തുകളുടെ ലഘു വീഡിയോ ഡോക്യുമെന്ററികൾ തയ്യാറാക്കുന്നത്. സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ പൂർത്തിയാക്കിയ കാഞ്ഞാർ പച്ചത്തുരുത്തിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചത്തുരുത്തുകളിലൊന്നായാണ് കണക്കാക്കിയിരിക്കുന്നത്. പലരും കൈയ്യേറി കൃഷിയും അനധികൃത നിർമ്മാണവുമെല്ലാം നടത്തിയിരുന്ന ആനക്കയം റോഡിലെ ഈ ഭൂമി ഒന്നര വർഷം കൊണ്ടാണ് പച്ചത്തുരുത്തായത്. 250 വൃക്ഷത്തൈകളിൽ തുടങ്ങി ഇപ്പോൾ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണി തുടങ്ങി 1400 ഇനങ്ങളുണ്ട്. ഇവിടെ പേരയും പീനട്ടുമൊക്കെ കായ്ച്ചു. ഈ പച്ചത്തുരുത്തിനെയും അത് മെനഞ്ഞെടുത്ത തൊഴിലുറപ്പ് പ്രവർത്തകരെയും ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അനുമോദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ പറഞ്ഞു. എം.വി.ഐ.പിയിൽ നിന്ന് മൂന്നേക്കറോളം ഭൂമി പച്ചത്തുരുത്തിനായി ഉടൻ വിട്ടുകിട്ടുമെന്ന് പ്രസിഡന്റ് പറഞ്ഞു.