തൊടുപുഴ: കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതോടെ പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതത്തിന് കൂടുതൽ സുരക്ഷിതത്വം കൈവരുമെന്ന് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് തിങ്കളാഴ്ചത്തെ പട്ടയ മേളയിൽ സഫലമാകുന്നത്. കൈവശഭൂമിക്ക് പട്ടയം വേണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നേതൃത്വത്തിൽ അരനൂറ്റാണ്ടായി സമരപ്പോരാട്ടങ്ങൾ നടത്തുകയാണ്. അതിന്റെ ഫലമായാണ് ഇപ്പോൾ പട്ടയം ലഭിച്ചിരിക്കുന്നത്. പട്ടയം നൽകാൻ തീരുമാനിച്ച സർക്കാരിനോടും ഏറെ പിന്തുണ നൽകിയ പ്രതിപക്ഷ നേതാവിനോടും ജില്ലാ കളക്ടറോടും നന്ദിയുണ്ട്.
പട്ടയവിതരണ ചടങ്ങുകളിൽ നിന്ന് പട്ടികവർഗ സംഘടനകളെ ഒഴിവാക്കിയത് തികച്ചും ഖേദകരമാണ്. മറ്റ് ജില്ലകളിലെ പട്ടികവർ വിഭാഗക്കാർക്ക് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ, ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, ട്രഷറർ എം.ഐ. ഗോപാലൻ, ബോർഡ് അംഗം എം.ജി. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.