ഇടുക്കി: കട്ടപ്പനയിൽ കുടുംബശ്രീ ബസാർ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണിയൊരുക്കുകയും അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരം ഉയർത്തുകയും മായം കലരാത്ത ഉത്പ്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബസാറിന് രൂപം നൽകിയിട്ടുള്ളത്. ഇരുപത്തഞ്ചിലധികം കുടുംബശ്രീ സംരംഭകരുടെ 200ൽപരം ഉത്പന്നങ്ങൾ ബസാറിലൂടെ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. ധാന്യ പൊടികൾ, അച്ചാർ, നാടൻ സാമ്പാർ പൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തേൻ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, സോപ്പ്, സോപ്പുത്പ്പന്നങ്ങൾ തുടങ്ങിയവയെല്ലാം ബസാറിലൂടെ ലഭ്യമാകും. കട്ടപ്പന മുൻസിപ്പൽ കോപ്ലംക്സിലാണ് കുടുംബശ്രീ ബസാർ സജ്ജീകരിച്ചിട്ടുള്ളത്. മന്ത്രി എം.എം. മണി ബാസാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി ആദ്യവിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.ജി. അജേഷ്, നഗരസഭാ കൗൺസിലർമാരായ കെ.പി. സുമോദ്, ടിജി. എം. രാജു, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഷാജിമോൻ പി.എ, സി.ഡി.എസ് ചെയർപേഴ്സൺ ഗ്രേയ്സ് മേരി ടോമിച്ചൻ, കുടുംബശ്രീ ബസാർ കൺസോർഷ്യം പ്രസിഡന്റ് ഫസീന ഷാജഹാൻ, കുടുംബശ്രീ ബസാർ കൺസോർഷ്യം സെക്രട്ടറി ശോഭനാ അപ്പു എന്നിവർ പങ്കെടുത്തു.