തൊടുപുഴ: ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലെ എല്ലാ കുടികളിലും മിൽമ എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയൻ ഓൺലൈൻ പഠന സൗകര്യം ഒരുക്കും. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് മൂന്നാർ മാർത്തോമ റിട്രീറ്റ് ഹോമിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടമലക്കുടിയിലെ പല കുടികളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. അതിനാൽത്തന്നെ ഇവിടങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങിയിരിക്കുകയാണ്. 26 കുടികളിലും ടെലിവിഷനും ഡിഷും സ്ഥാപിക്കും. വൈദ്യുതി ഇല്ലാത്ത കുടികളിൽ സോളാർ പാനലുകളും സ്ഥാപിക്കും. ടെലിവിഷന്റെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ജോൺ തെരുവത്ത്, ബോർഡ് അംഗങ്ങളായ കെ.കെ. ജോൺസൺ, പോൾ മാത്യു, ടി.ആർ. ഗോപാല കൃഷ്ണൻ, മാനേജിങ് ഡയറക്ടർ വിൽസൺ ജെ. പൂവക്കാട്ട് എന്നിവർ പങ്കെടുത്തു.