തൊടുപുഴ: നഗരസഭയുടെ എം.എം. മുഹമ്മദ്കുഞ്ഞ് ലബ്ബാ സ്മാരക മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ ലൂലി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭയുടെ സ്വപ്ന പദ്ധതിയാണ് ഇത്. മൂന്ന് നിലകളിലായി 130 മുറികളും ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. 11 കോടിയായിരുന്നു അടങ്കൽ തുകയെങ്കിലും ഒമ്പത് കോടി രൂപയിൽ ഒതുക്കാൻ കഴിഞ്ഞു. ഇലക്ട്രിഫിക്കേഷൻ ജോലികൾ തീർക്കേണ്ടതുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കി അംഗീകാരവും വാങ്ങണം. മൂന്ന് മാസത്തിനുള്ളിൽ പണികളെല്ലാം പൂർത്തിയാകുമെന്നും ചെയർപേഴ്സൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ സിസിലി ജോസ്, മുൻ ചെയർമാൻമാരായ എ.എം. ഹാരിദ്, സഫിയ ജബ്ബാർ, മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ എന്നിവരും പങ്കെടുത്തു.